നീലേശ്വരം: സ്കൂൾ ക്ലാസ്സുകൾ ഫുൾടൈം ആയതോടെ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ യാത്രാപ്രശ്നവും രൂക്ഷമാകുന്നു.

മിക്ക സ്ക്കൂൾ സ്റ്റോപ്പുകളിൽ നിന്നും വൈകുന്നേരങ്ങളിൽ ബസ്സുകളിൽ കയറുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ മോശമായ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം കേൾക്കാൻ വയ്യാ എന്നുകരുതി തിരക്കുകൾ കഴിഞ്ഞാണ് ബസ്സിൽ കയറുന്നത്. ഇതിനാൽ നാലുണിക്ക് സ്ക്കൂൾ വിട്ടാലും ഏഴു മണിയോടെയാണ് കുട്ടികൾ വീട്ടിലേക്കെത്തുന്നത്. പല വിദ്യാർത്ഥികൾക്കും സ്റ്റോപ്പിൽ ഇറങ്ങിയാലും സ്വന്തം വീട്ടിലേക്കെത്തണമെങ്കിൽ കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബസ് സ്റ്റോപ്പിലെത്തിയാൽ വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതും പതിവാണ്. ഇത് വിദ്യാർത്ഥികളെ മാനസികമായി ഏറെ തളർത്തുകയാണ്.

സ്വകാര്യ ബസ്സുകൾ തന്നെ മിക്കതും ഇപ്പോഴും ഓടാതെ കിടക്കുന്നതിനാൽ പല റൂട്ടുകളിലും ബസുകൾ കുറവുമാണ്.

സ്കൂൾ ബസ്സുകളുടെ ചാർജ്ജ് ഭീമം

മിക്ക സ്ക്കൂളുകൾക്കും ഒന്നോ രണ്ടോ സ്ക്കൂൾ ബസ്സുകൾ മാത്രമെ ഇപ്പോഴുള്ളൂ. സ്കൂൾ ബസ്സുകൾക്കായി വിദ്യാർത്ഥികളിൽ നിന്നും ഭീമമായ ചാർജ്ജ് വാങ്ങുന്നതിനാൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനാലാണ് മിക്ക വിദ്യാർത്ഥികളും സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നത്.

ബസിൽ കയറാൻ ശ്രമിക്കുന്ന ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ