കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കർശനമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തിൽ പ്രത്യേക വിജിലൻസ് സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, പൊലൂഷൻ കൺട്രോൾബോർഡ് എന്നിവയിലെയും ഉദ്യോഗസ്ഥർ സ്‌ക്വാഡിലുണ്ടാകും. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഒറ്റത്തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതാണ്. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. എ.ഡി.എം കെ.കെ ദിവാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.