
കണ്ണൂർ: അഴീക്കലിൽ ഗ്രീൻഫീൽഡ് തുറമുഖം നിർമ്മിക്കുന്നതിനുള്ള വിശദ പ്രാജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി ഡിസൈൻ തയ്യാറാക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ . നിയമസഭയിൽ കെ.വി. സുമേഷ് എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അഴീക്കലിൽ 14.2 മീറ്റർ വരെ ആഴമുള്ള കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന ഗ്രീൻഫീൽഡ് തുറമുഖ നിർമ്മാണത്തിന് മുഖ്യമന്ത്രി ചെയർമാനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായുളള ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കൂടുതൽ പഠനം നടത്തി സാങ്കേതിക തികവാർന്ന ഡിസൈൻ തയ്യാറാക്കാൻ ചെന്നൈ ഐ.ഐ.ടിയോട് നിർദേശിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി റോഡ്, റെയിൽ വികസനത്തിനാവശ്യമായ ഭൂമി സർവേ നടത്തി അതിരടയാളം നിശ്ചയിക്കുന്നതിനും നടപടി സ്വകീരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
അഴീക്കോട് ഗ്രീൻഫീൽഡ് തുറമുഖം
നിലവിലുള്ള അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കറും ഉൾപ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സർവേ നടപടികൾ പൂർത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. തുറമുഖം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള മണ്ണ് പരിശോധനയും ഇതിനകം പൂർത്തിയാക്കി. കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീൻ ഫീൽഡ് തുറമുഖം സ്ഥാപിക്കുക. പുതിയ പദ്ധതി പ്രദേശം അഴിമുഖത്തോട് ചേർന്നുകിടക്കുന്നതായതിനാൽ ആഴക്കുറവ് പ്രശ്നമാവില്ലെന്നത് അനുകൂല ഘടകമാണ്. ഈ ഭാഗത്ത് ഏഴ് മുതൽ 12 വരെ മീറ്റർ ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്ക് വരെ അനായാസം അടുക്കാനാകും. ഗ്രീൻ ഫീൽഡ് തുറമുഖ പദ്ധതിക്കായി 3698 കോടി രൂപ സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.
ഗ്രീൻഫീൽഡ് പോർട്ട് ഉത്തര മലബാറിലെ ജനങ്ങളും വ്യവസായ സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് . മേഖലയുടെ വികസനത്തിന് പദ്ധതി ഏറെ ഗുണം ചെയ്യും. അതിനാൽ പദ്ധതി പ്രവൃത്തി പെട്ടെന്ന് തന്നെ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണം.പ്രവർത്തനം ഏകോപ്പിപ്പിക്കുന്നതിന് ലെയ്‌സൺ ഓഫീസ് ആരംഭിക്കുന്നത് ഗുണകരമായിരിക്കും. കെ വി സുമേഷ് എം.എൽ.എ