surya

കണ്ണൂർ :ചൂടു കൂടിയ സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണസംവിധാനങ്ങൾ തകരാറിലാക്കും. ശരീര പ്രവർത്തനങ്ങൾ തകരാറിലാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, കടുത്ത തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങളും തുടർന്ന് അബോധാവസ്ഥയും ഉണ്ടാവാമെന്നും മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാതമേറ്റാൽ ഉടൻ വൈദ്യസഹായം തേടാനും നിർദ്ദേശമുണ്ട്.കുട്ടികളിൽ വിയർപ്പു മൂലം ശരീരം ചെറിഞ്ഞു തിണർക്കാനും സാദ്ധ്യതയുണ്ട്.

പേടിക്കണം താപശോഷണത്തെ

. സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്.

കനത്ത വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്ത സമ്മർദ്ദം ഉൾപ്പടെയുള്ള രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്നു തണുത്ത സ്ഥലത്തേക്ക് മാറുക/ മാറ്റുക, വിശ്രമിക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതം,ശരീര ശോഷണം വരാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 24 ഗ്ലാസ്സ് വെള്ളം കുടിക്കുക. വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക. ജോലി സമയം ക്രമീകരിക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയം വിശ്രമിക്കുക. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. ചികിത്സ തേടണം.