പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് ഒരാഴ്ചയായി തകരാറിൽ. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ് . ഇപ്പോൾ കാർഡിയോളജി വിഭാഗത്തിൽ രോഗികളുടെ തിരക്കുകാരണം എട്ടാംനിലയിൽ നേരത്തെ അനുവദിച്ച 803ാം നമ്പർ വാർഡിലാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്. ഇവരെ കാത്ത്‌ലാബിൽ നിന്നുള്ള റാമ്പ് വഴി മെഡിക്കൽ കോളേജിന്റെ രണ്ടാംനിലയിലെത്തിച്ച് അവിടെ നിന്നാണ് എട്ടാംനിലയിലേക്ക് ലിഫ്റ്റ് വഴി കൊണ്ടുപോകുന്നത്.
ഇത് രോഗികൾക്കാണ് ഏറ്റവും വിഷമം സൃഷ്ടിക്കുന്നത്. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികളെ റാമ്പ് വഴി തള്ളി മെഡിക്കൽ കോളേജിന്റെ രണ്ടാമത്തെ നിലയിലേക്ക് കൊണ്ടുപോകുന്നത് രോഗികളുടെ ജീവനെപോലും ബാധിച്ചേക്കുമെന്നാണ് പറയുന്നത്. നേരത്തെ ലിഫ്റ്റ് കേടായാൽ വളരെ പെട്ടെന്നുതന്നെ റിപ്പേർ ചെയ്യാൻ ശ്രദ്ധിക്കുമെങ്കിലും ഇപ്പോൾ സർക്കാർ ഏറ്റെടുത്തതോടെയാണ് ഇത്തരത്തിൽ കാലതാമസം വരുന്നതെന്നാണ് ആക്ഷേപം.