കണ്ണൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം വീണ്ടും തലപൊക്കിയതോടെ ഉത്സവപ്പറമ്പുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്നലെ ചേർന്ന ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത പൊലീസ് യോഗത്തിൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി നിർണായകമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതു പ്രകാരം വരുന്ന മാർച്ച് അവസാനം വരെ ഉത്സവം നടക്കാനിരിക്കുന്ന ക്ഷേത്രങ്ങളുടെ ഭാരവാഹികളുടെ യോഗം അതത് സ്‌റ്റേഷൻ പരിധിയിൽ വിളിക്കും. പൊലീസ് പ്രൊട്ടോക്കോൾ അനുസരിച്ചു ഉത്സവം നടത്താൻ സംഘാടകരോട് ആവശ്യപ്പെടും.
ഭാരവാഹികൾ ആവശ്യപ്പെടുകയാണെങ്കിൽ സംഘർഷ പ്രദേശങ്ങളിലെ ഉത്സവങ്ങളിൽ തുടക്കം മുതൽ കഴിയുന്നതുവരെ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. പൊലീസിനെ അറിയിക്കാതെ അനുമതിയില്ലാതെ നടത്തുന്ന ഉത്സവങ്ങളിൽ അനിഷ്ടസംഭവങ്ങളുണ്ടാവുകയാണെങ്കിൽ നടത്തിപ്പുകാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസെടുക്കും. ഉത്സവസ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ ഉൾപ്പെടെ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
ഉത്സവകാലങ്ങളിലെ അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ യോഗം പൊലീസ് സ്‌റ്റേഷനുകളിൽ ചേരും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ രാഷ്ട്രീയമായി വളരാതിരിക്കാൻ പ്രാദേശിക നേതാക്കളുടെ ഇടപെടൽ അനിവാര്യമാണെന്നും നേരത്തെ തലശേരി താലൂക്കിൽ ഈ രീതി ഗുണം ചെയ്തുവെന്നും ഉന്നത തലയോഗത്തിൽ അഭിപ്രായമുയർന്നു. ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ സ്ഥിതി ഗതികൾ വിലയിരുത്തിയത്.
കൊലവിളി പ്രസംഗം നടത്തിയാൽ അകത്ത്
പൊതുസമ്മേളനങ്ങളിൽ നേതാക്കൾ നടത്തുന്ന കൊലവിളി പ്രസംഗങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിക്കുന്നതും ഇരുഭാഗത്തുള്ളവരുടെയും സിരകളിൽ ചൂടുപിടിക്കുന്നതും സമീപകാല സംഭവവികാസങ്ങളുടെ പ്രത്യേകതയാണ്. പൊതുയോഗങ്ങളിൽ കൊലവിളി നടത്തുന്ന നേതാക്കൻമാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാനും ഇത്തരം പ്രസംഗങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ ആക്ടുപ്രകാരം കേസെടുക്കാനും പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
ബോംബും നിർവീര്യമാകണം
പയ്യന്നൂർ മുതൽ ന്യൂ മാഹി വരെ വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരം രഹസ്യ കേന്ദ്രങ്ങളിലേക്ക് പൊലീസിന് കടന്നുചെല്ലാൻ കഴിയാത്തതു കാരണം ബോംബുനിർമ്മാണവും മറ്റു കേന്ദ്രങ്ങളിലേക്കുള്ള മാറ്റലും തടയാൻ കഴിഞ്ഞിരുന്നില്ല. മാരകായുധങ്ങളുടെ ശേഖരണവും ആയുധപരിശീലനവും തടയണം. ഇക്കാര്യങ്ങളും പൊലീസ് യോഗത്തിൽ ചർച്ചയായി.
ക്വട്ടേഷൻ സംഘങ്ങളും തലപൊക്കുന്നു
ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ ക്വട്ടേഷൻ സംഘങ്ങളും സജീവമാകുന്നതായി സൂചനയുണ്ട്. ബ്‌ളേഡ് -മദ്യ മാഫിയകൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് പതുക്കെ പാർട്ടി നേതാക്കളുമായി ലോഹ്യം കൂടുന്നത്. ന്യൂമാഹി പുന്നോലിലെ സി.പി.എം പ്രവർത്തകന്റെ കൊലയ്ക്കു പിന്നിൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘമാണെന്ന പൊലീസ് കണ്ടെത്തൽ ടീമുകളുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയായി പൊലീസ് വിലയിരുത്തുന്നു.