2
തൃക്കണ്ണാട് ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന് കൊടിയേറ്റാനുള്ള കൊടിയുടെ അവസാന മിനുക്ക് പണിയിൽ കുഞ്ഞിക്കണ്ണൻ

കാസർകോട്: കൊളത്തൂർ ബറോട്ടിയിലെ കുഞ്ഞിക്കണ്ണന് കാസർകോട്ടെ മിക്ക ഉത്സവങ്ങളിലും തന്റേതായ ഒരു റോളുണ്ട്.നേരിട്ട് എത്തുന്നില്ലെങ്കിലും ഇദ്ദേഹത്തിന്റെ കരവിരുതിൽ ഒരുങ്ങിയ കൊടികളും കൊടിക്കൂറകളും മറ്റ് ഉത്സവാലങ്കാര വസ്തുക്കളോ അവിടെ ഉണ്ടാകും.

ഏറ്റവുമൊടുവിൽ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ടുൽസവത്തിന്റെ കൊടിയേറ്റത്തിന് ഉയർത്തിയതും കുഞ്ഞിക്കണ്ണൻ തുന്നിച്ചേർത്ത കൊടിയായിരുന്നു. പതിനഞ്ചാം വയസിൽ തുടങ്ങിയതാണ് തയ്യൽ ജോലി. ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി 2000ൽ നാട്ടിലെത്തിയതു മുതൽ നാട്ടിൽ വസ്ത്രവ്യാപാരത്തോടൊപ്പം തയ്യൽ തുടങ്ങി. ക്ഷേത്രങ്ങളിലും തറവാടുകളിലും ആചാരാനുഷ്ഠാന നിർവഹണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മേക്കട്ടി, മേലാപ്പ്, കൊടി, കൊടിക്കൂറ, തുണി തോരണങ്ങൾ എന്നിവ ഒരുക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ.ഇവയ്ക്ക് ആവശ്യക്കാരേറിയതോടെ സാധാരണ വസ്ത്രങ്ങൾ തയ്ക്കുന്നത് കുറഞ്ഞു.

നാലുദിവസം മുമ്പ് തൃക്കണ്ണാട് ഉത്സവത്തിന് ഏറ്റിയ കൊടി തയ്യാറാക്കാൻ 12 ദിവസമെടുത്തു. ഇതിന് ഏകദേശം രണ്ട് മീറ്റർ നീളമുണ്ട്. കൊടിയിലെ ഓരോ ഭാഗങ്ങളും ഏറെ സൂക്ഷ്മതയോടും കൃത്യതയോടും തുന്നിചേർക്കണം. ശരീരശുദ്ധിയും ഭക്ഷണനിഷ്ഠയും പാലിക്കണം. പിഴവ് വന്നാൽ സമർപ്പിക്കാനാവില്ല എന്നാണ് വിശ്വാസം. ആറാട്ട് ഉത്സവത്തിന് നേർച്ചയായി സമർപ്പിക്കാനുള്ള ദൗത്യം ഒരു ഭക്തനാണ് എൽപിച്ചത്. ഒരു കൊടിയുണ്ടാക്കാൻ കാൽലക്ഷം രൂപ ചിലവുവരും. എഴുന്നള്ളത്തുകളുടെ മുന്നിൽ പിടിക്കേണ്ട കൊടിക്കുറയ്ക്ക്‌ അയ്യായിരം രൂപയോളം വരും. മേലാപ്പിനും മേക്കട്ടിക്കും ചിലവ് ഇതിലും കൂടും.

ക്ഷേത്ര ധ്വജസ്തംബത്തിൽ നൂറുകണക്കിന് വിശ്വാസികളുടെ ശരണമന്ത്രം വിളികളോടെ കൊടി കയറിപ്പോകുന്നതു കാണുമ്പോഴുള്ള ആത്മനിർവൃതിയാണ് ഈ ദൗത്യം തുടരാൻ തനിക്ക് പ്രേരണയാകുന്നതെന്ന് ഈ അറുപതുകാരൻ പറയുന്നു. ഷീബയാണ് കുഞ്ഞിക്കണ്ണന്റെ ഭാര്യ. അനഘ, ബിനീഷ്, അനുഷ ,അരുൺ എന്നിവർ മക്കളും.