
കണ്ണൂർ: വ്യവസായം തുടങ്ങുന്നുണ്ടെങ്കിൽ അതു സ്വന്തംനാട്ടിൽ തന്നെ വേണമെന്ന നിശ്ചയദാർഢ്യമാണ് സന്തോഷ് കുമാറിന്റെ കൗമാര സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകിയത്. കുട്ടിക്കാലത്ത് വരകളും വർണങ്ങളും ഇഷ്ടമാണെങ്കിലും പിൽക്കാലത്ത് വിസ്മയിപ്പിക്കുന്ന വ്യത്യസ്ത വർണങ്ങളുടെ വ്യാപാരിയാകുമെന്ന് ഒരുപക്ഷേ സന്തോഷ് കുമാർ പോലും നിനച്ചിരിക്കാനിടയില്ല.
സ്വപ്‌നവർണങ്ങളിൽ നിന്ന് ഇന്ന് കേരളത്തിലെ തന്നെ ഒന്നാംനിര പെയിന്റ് കമ്പനികളിൽ സ്ഥാനം പിടിക്കാൻ ഡയമണ്ട് പെയിന്റിനു കഴിഞ്ഞതും മാനേജിംഗ് പാർട്ണർ കണ്ണൂർ കാപ്പാട് സ്വദേശി ടി. സന്തോഷ് കുമാറിന്റെ ആത്മവിശ്വാസം കൊണ്ടുമാത്രമാണ്.
അച്ഛൻ പകർന്ന ധൈര്യം
അച്ഛൻ കോളോട്ട് കൃഷ്ണന്റെ തടിമില്ലിൽ അത്യാവശ്യം പോയി സഹായിച്ചിട്ടുണ്ടെന്നല്ലാതെ വ്യവസായവുമായി സന്തോഷ് കുമാറിന് വലിയ ബന്ധമൊന്നുമില്ല. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതോടെ അച്ഛൻ പകർന്നുനൽകിയ ധൈര്യവും സാമ്പത്തികസഹായവും കൂടിയായപ്പോൾ സന്തോഷ് കുമാർ വർണങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകത്തേക്ക് പിച്ചവയ്ക്കുകയായിരുന്നു.
ഏച്ചൂർ ടൗണിൽ അച്ഛൻ അനുഗ്രഹിച്ചു നൽകിയ നാലുസെന്റ് ഭൂമിയും കെ.എഫ്.സിയിൽ നിന്ന് വായ്പയായി ലഭിച്ച 1,43,000 രൂപയുമായിരുന്നു മൂലധനം. സ്വന്തം പരിശ്രമവും രണ്ടുതൊഴിലാളികളുടെ അദ്ധ്വാനവും കൂടെ ചേർന്നപ്പോൾ വ്യവസായം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
വളർച്ചയുടെ പടവുകൾ
1992ൽ വാർണിഷിലായിരുന്നു തുടക്കം. പിന്നീട് ഓയിൽ പ്രൈമർ ഡിസ്റ്റംബർ വാട്ടർ പ്രൈമർ, എമേർഷൻ പെയിന്റ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചു. വിപണന സൗകര്യത്തിനായി ബ്ലൂമൗണ്ട് ഏജൻസീസ് എന്ന ട്രേഡിംഗ് യൂണിറ്റും തുടങ്ങി. ഉത്പന്നങ്ങളുടെ മികവിന്റെ ഫലമായി ആവശ്യക്കാരുടെ വർദ്ധനയെ തുടർന്ന് ഇതേ ഉത്പന്നങ്ങളുടെ ഉത്പാദനവുമായി മറ്റൊരു സംരംഭം 2009ൽ മലബാർ പെയിന്റ് ഇൻഡസ്ട്രീസ് എന്ന പേരിൽ തുടങ്ങി.
കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കികൊണ്ട് പെയിന്റ് ഉത്പാദനത്തിലേക്കുള്ള ചുവടുമാറ്റമാണ് കമ്പനിയുടെ പുരോഗതിയുടെ നാഴികക്കല്ലായി മാറിയത്. ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ വിപണിയിലിറങ്ങുന്ന ഡയമണ്ട് പെയിന്റ് 30 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വളർന്നതും സന്തോഷ് കുമാറിന്റെയും സഹപ്രവർത്തകരുടെയും കൂട്ടായ്മയിലൂടെയാണ്.
മലബാറിന്റെ പെരുമ
വ്യവസായം തുടങ്ങുന്നുണ്ടെങ്കിൽ അതു പിന്നാക്കം നിൽക്കുന്ന മലബാറിൽ തന്നെ വേണമെന്നതും അദ്ദേഹത്തിന്റെ വാശിയായിരുന്നു. മലബാറിൽ ബിസിനസിൽ പണം മുടക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സന്തോഷ് കുമാർ തയ്യാറായില്ല.
വുഡ് പ്രൈമർ, റെഡ് ഓക്സൈഡ്, ബ്ളാക്ക് ഓക്സൈഡ്, ഇനാമൽ, എമേൽഷൺ, ടൈൽഗാർഡ്, റൂഫ് ഗാർഡ്, ഇന്റർലോക്ക് തുടങ്ങിയവയെല്ലാം ഇപ്പോൾ ഏച്ചൂർ വട്ടപ്പൊയിലിലെ ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്.
ഡയമണ്ട് ആക്രിൽ എന്ന ബ്രാൻഡ് ഈ കമ്പനിയുടെ മാത്രം കുത്തക ഉത്പന്നമാണ്. കേരളം മുഴുവൻ വ്യാപാര ശൃംഖലയുള്ള ഡയമണ്ട് പെയിന്റ് യു.എ.ഇയിലേക്കും കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ഇരുന്നൂറോളം തൊഴിലാളികളാണ് സന്തോഷ് കുമാറിന്റെ സ്വപ്നങ്ങൾക്ക് ഊടുംപാവും നൽകുന്നത്.
ഭാര്യ സപ്നയാണ് മേൽനോട്ടം മുഴുവനും. എം.ബി.എ വിദ്യാർത്ഥി സങ്കേതും ഓഡിയോളജി വിദ്യാർത്ഥിയായ സനികയുമാണ് മക്കൾ.
''മികച്ച ഗുണനിലവാരവും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ ഇന്റർലോക്ക് പോളിഷിന് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. ഈ ഉത്പന്നത്തെ ഏറെ ജനപ്രിയമാക്കി. ഇന്ന് കേരളത്തിനകത്തും വിദേശത്തും വിപണി കീഴടക്കിക്കൊണ്ട് ഈ ഇന്റർലോക്ക് എന്ന പോളിഷ് ഞങ്ങളുടെ കുത്തകയായി തുടരുന്നത് ഉത്പന്നത്തിന്റെ മികവായി കരുതുന്നു. ഇന്റർലോക്കിന് ആവശ്യമായ കളർ പോളിഷ് ആദ്യമായി കേരളത്തിൽ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിച്ചത് ഞങ്ങളാണ്. ഇതിനായി ഞങ്ങൾ, വട്ടപ്പൊയിൽ ഡയമണ്ട് പെയിന്റ് ഇൻസ്ട്രീസ് എന്ന പേരിൽ നാലാമത് സംരംഭം ആരംഭിച്ചു. കർണാടക, ഗോവ എന്നിവിടങ്ങളിലേക്കും വ്യാപാര ശൃംഖല ശക്തിപ്പെടുത്താൻ പദ്ധതിയുണ്ട്"".
ടി. സന്തോഷ് കുമാർ
മാനേജിംഗ് പാർട്ണർ, ഡയമണ്ട് പെയിന്റ്