തൃക്കരിപ്പൂർ: പടന്ന പഞ്ചായത്തിലെ കാപ്പ് കുളം നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ശുദ്ധജല സ്രോതസ്സുകളും പൊതുകുളങ്ങളും സംരക്ഷിക്കുകയെന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് കാപ്പ് കുളം നവീകരണം നടപ്പിലാക്കുക. ഏപ്രിൽ മാസത്തോടെയാണ് പ്രവൃത്തി നടപ്പിലാക്കുക. കുളത്തിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുന്നതോടൊപ്പം കുളത്തിന്റെ പാർശ്വഭിത്തികളിൽ ഇളകിപ്പോയ ഭാഗങ്ങൾ ഉറപ്പിച്ച് പുതുക്കുന്നതാണ് പദ്ധതി.
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി യ ശേഷം മാത്രമേ പദ്ധതി പ്രവർത്തനം നടപ്പിലാക്കുകയുള്ളൂ. രണ്ടേ ക്രയോളം വിസ്തീർണ്ണമുള്ള ഈ ശുദ്ധജല സംഭരണി കാടുകയറി നശിക്കുന്ന സ്ഥിതി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു. ഇതേ തുടർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് , പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം എന്നിവർ കുളം സൈറ്റിലെത്തി ചർച്ച നടത്തിയിരുന്നു.
കുളമടക്കമുള്ള പ്രസ്തുത പ്രദേശം മിനി ടൂറിസ്റ്റു കേന്ദ്രമാക്കുമെന്ന് അന്ന് ഡി.ടി.പി.സി. അധികൃതർ സൂചിപ്പിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെ കുളം പരിസരം ശുചീകരിക്കാനും തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. എന്തായാലും സർക്കാർ തലത്തിൽ കുളവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരിടപെടൽ ഉണ്ടായിരിക്കുകയാണെന്നത് ഏറെ ആശാവകമാണ്.