plastic

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതിനായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്നും രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി നിശ്ചയിച്ചു. ഇതോടെ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വിദഗ്ദരായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ പരിയാരത്ത് ചുമതലയേൽക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നിലവിലെ പ്രിൻസിപ്പാൾ ഡോ: കെ അജയകുമാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ സീനിയർ പ്രൊഫസർ കൂടിയാണ്. സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരത്ത് ഇരുപതോളം ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളേജിൽ നിന്നും സ്ഥലം മാറ്റം വഴിയും പി.എസ്.സി. മുഖാന്തിരവും നിയമിച്ചിരുന്നു. ഇതിനുപുറമെ, ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പ്രൊഫസർ തസ്തികയിൽ ഒരാളും ചുമതലയേറ്റെടുത്തു. ഇവർക്ക് പുറമെയാണ് പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം കൂടി കോളേജിൽ ലഭ്യമാവുന്നത്.

കഴിഞ്ഞ നവംബറിൽ ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ, മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് പ്രഖ്യാപിച്ചിരുന്നു.

ഗോൾഡൺ അവർ ചികിത്സ

ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് എന്ന പരിഗണന പ്രത്യേകമായി നൽകിക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കുപറ്റി ചികിത്സ തേടിയെത്തുന്നവരിൽ നിരവധിപ്പേർ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. ഇവർക്ക് ഗോൾഡൻ അവറിൽത്തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതിന് പ്രധാനമാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികൾ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സ്ഥിതി മാറും. സർക്കാരേതര ആശുപത്രികളിൽ ഭീമമായ ചിലവ് വരുന്ന പ്ലാസ്റ്റിക്ക് സർജറി ചികിത്സ സാധാരണക്കാർക്കും ഇനി മുതൽ ലഭ്യമാകും- പ്രിൻസിപ്പാൾ ഡോ.കെ അജയകുമാർ ,​ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്.