
കണ്ണൂർ: 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. 27, 28 തീയതികളിൽ വീടുകളിലും മാർച്ച് 11, 12 തീയതികളിൽ വ്യാപാരസ്ഥാപനങ്ങളിലും സ്വാഗതസംഘം പ്രതിനിധികൾ ഫണ്ട് ശേഖരിക്കും.
മാർച്ച് ഒന്നു മുതൽ 10 വരെ 4452 കേന്ദ്രങ്ങളിൽ ബ്രാഞ്ച്തല കുടുംബസംഗമം നടത്തും. മാർച്ച് 10 മുതൽ 15 വരെ 231 ലോക്കൽതല പ്രഭാഷണങ്ങൾ, ആദ്യകാല പാർട്ടി സഖാക്കളെ ആദരിക്കൽ എന്നിവയും മാർച്ച് 18 മുതൽ സംസ്ഥാനദേശീയ നേതാക്കൾ പങ്കെടുക്കുന്ന സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനം എന്നിവയും നടത്തും. കലാ കായിക സാഹിത്യമത്സരങ്ങൾക്കു പുറമേ മാർച്ച് 4,5 തീയതികളിൽ ചിത്രകാരരുടെയും ശില്പികളുടെയും ക്യാമ്പും ആറിന് ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരുമായ ചിത്രകാരരുടെ ക്യാമ്പും നടത്തും. മാർച്ച് 20ന് ശുചീകരണ പ്രവർത്തനങ്ങളും മാർച്ച് 22ന് രോഗീപരിചരണ പ്രവർത്തനവും പാവപ്പെട്ടവർക്കുള്ള വീട് നിർമാണവും നടത്തും. ചരിത്രചിത്ര പ്രദർശനവും ശാസ്ത്രമേളയും പുസ്തകോത്സവവും പാർട്ടി കോൺഗ്രസിന് അനുബന്ധമായി സംഘടിപ്പിക്കും. പാർട്ടി കോൺഗ്രസ് വിജയത്തിനായി 4371 സ്വാഗതസംഘങ്ങൾ രൂപീകരിച്ചതായും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വ്യക്തമാക്കി.