pathipuzha
തലശ്ശേരി പുഴ നവീകരണ പദ്ധതി കണ്ണവം .മുണ്ടയാട് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആർ.ഷീല ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: നടുവിൽ മരങ്ങൾ വളർന്നും കരയിടിഞ്ഞും മാലിന്യവും ചെളിയും നിറഞ്ഞ് നീർച്ചാലായി മാറിയ പാത്തിപ്പുഴയെ വീണ്ടെടുക്കുന്നതിനുള്ള പദ്ധതിക്ക് പാട്യം പഞ്ചായത്തിൽ തുടക്കമായി. റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ തലശ്ശേരി പുഴയും കൈവഴികളും പുനരുജ്ജീവിപ്പിക്കാൻ മേജർ ഇറിഗേഷൻ വകുപ്പും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായാണ് കണ്ണവത്തെ മുണ്ടയോട് തോട് ശുചീകരണത്തിന് തുടക്കമിട്ടത്.

ഇവിടെ നിന്നും പനയാമ്പുഴ തോട്, ചാർത്താൻ മൂല, പാത്തിപ്പുഴ, കൊങ്കച്ചിപ്പുഴ ചാടാലപ്പുഴ മുതലായ പുഴകൾ പിന്നിട്ട് കൊടുവള്ളി വഴി അറബിക്കടലിലെത്തുന്ന തലശ്ശേരി പുഴയുടെ നവീകരണം മേയ് 15 നകം പൂർത്തിയാക്കാനാണ് പദ്ധതി. ജില്ല ദുരന്ത നിവാരണ അതോറിറ്റി, എം.ജി.എൻ.ആർ.ഇ.ജി.എസ്, ഹരിത കേരള മിഷൻ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് നവീകരണം. സ്വാഭാവികമായ ഒഴുക്കിന് തടസം നില്ക്കുന്ന മാലിന്യവും കുറ്റിക്കാടുകളും നീക്കി ആഴംകൂട്ടുകയും കരയിടിച്ചിലുള്ള ഭാഗങ്ങളിൽ കയർ വസ്ത്രം സ്ഥാപിക്കുകയും ചെയ്യും. പുഴയുടെ ആഴം വർദ്ധിക്കുന്നതോടെ വേനൽക്കാലത്ത് വെള്ളം കെട്ടി നില്ക്കാനും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും സഹായിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്നലെ കാലത്ത് മുതൽ തുടങ്ങിയ ശുചീകരണ യജ്ഞത്തിൽ നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. മുണ്ടയോട് തോടിന് സമീപം ചേർന്ന ചടങ്ങിൽ - കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ അദ്ധ്യക്ഷത വഹിച്ചുു. ഇറിഗഷൻ എക്സിക്യുട്ടീവ് . എൻജിനീയർ എം.സി.സജീവ് കുമാർ, പദ്ധതി വിശദീകരിച്ചു., ഇറിഗേഷൻ ഡിവിഷൻ ഓവർസീയർമാരായ സി.പി. മാനു , കെ.സുബിന, അസി:എൻജിനീയർ ഷിജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈറീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രദീപ് കുമാർ, ടി. സുജാത , മുഹമ്മദ് ഫായിസ് അരുൾ, പി. പത്മനാഭൻ, ശോഭ, രജിത എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ റീന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുജിത്ത്കുമാർ നന്ദിയും പറഞ്ഞു .