കാസർകോട്: ഉദുമ പഞ്ചായത്തിലെ കണ്ണികുളങ്ങര, കുന്നിൽ പ്രദേശങ്ങളിൽ സർവ്വേക്കല്ലുകൾ സ്ഥാപിക്കാനെത്തിയ കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. ബേക്കൽ ഇൻസ്‌പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ടിട്ടും പ്രതിഷേധക്കാർ വഴങ്ങാതിരുന്നതോടെ ഉദ്യോഗസ്ഥസംഘം മടങ്ങി.
കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ, സ്ഥലമുടമകൾ, നാട്ടുകാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, ഉദുമ ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലും സ്ഥലത്തെത്തി.
ഒരുമാസം മുൻപ് ഇതേ സ്ഥലത്ത് സർവ്വേക്കല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞിരുന്നു.പ്രദേശവാസികളുമായി യോഗം ചേർന്നതിന് ശേഷം പിന്നീട് മറ്റ് നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥ സംഘം പ്രദേശവാസികളേയും ജനപ്രതിനിധികളേയും അറിയിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ എത്തുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ പറഞ്ഞു.