കണ്ണൂർ: സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം. കഴിഞ്ഞ ദിവസം ജയിലിൽ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാലാം ബ്ലോക്കിലെ അന്തേവാസികൾക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടർന്ന് ഇവരെ ആർ.ടി.പി.സി.ആറിന് വിധേയമാക്കുകയായിരുന്നു. എന്നാൽ സഹതടവുകാരെയും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷമായത് ജയിൽ അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജയിൽ അന്തേവാസികളിൽ കൂട്ടത്തോടെയുള്ള പരിശോധന നടത്താത്തതിനാൽ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇതുവരെ വേർതിരിച്ച് താമസിപ്പിക്കാൻ സാധിച്ചിട്ടില്ല. കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രമാണ് ഇപ്പോൾ മാറ്റി പാർപ്പിക്കുന്നത്. മുഴുവൻ അന്തേവാസികളെയും കൊവിഡ് പരിശോധന നടത്തി അടിയന്തരമായി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് തടവുകാരുടെ ബന്ധുക്കളുടെ ആവശ്യം.

വിയ്യൂരാണ് പേടിപ്പിക്കുന്നത്

വിയ്യൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം ശക്തമാകുകയും കൊവിഡ് ബാധിതനായ തടവുകാരൻ കഴിഞ്ഞദിവസം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിലും ആശങ്കയേറുന്നത്.

കൊവിഡിന് പരോൾ ഇല്ല
നേരത്തെ കൊവിഡ് രണ്ടാംതരംഗത്തിൽ അന്തേവാസികളുടെ ആധിക്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിറുത്തിയിരിക്കുകയാണ്.