photo-1-

കണ്ണൂർ: ആളൊഴിഞ്ഞ നിരത്തുകൾ...ചുറ്റിലും വെടിയൊച്ചയും ബോംബേറും. രാവും പകലും തള്ളിനീക്കുന്നത് ഇൗ ശബ്ദങ്ങൾ കേട്ടാണ്. യുക്രെയിനിലെ ഖാർകീവിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ഒൗസാഫ് ഹുസൈൻ പിതാവ് ഡോ. പി.പി ഹുസൈനെ വിളിച്ചപ്പോൾ നൽകിയ ചിത്രങ്ങളിതൊക്കെയാണ്. ഹുസൈനും ഭാര്യ മു‌ർഷിദയും ഉറക്കമിളച്ച് മകന്റെ ഫോൺ വിളിയ്‌ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ ഒൗസാഫുമായി സംസാരിച്ചിരുന്നു. ഹോസ്റ്റലിലായിരുന്ന ഒൗസാഫ് ബങ്കറിലേക്ക് നീങ്ങിയിട്ടുണ്ട്. ചാനലുകളിലൂടെയാണ് മകൻ ഹോസ്റ്റലിൽ നിന്നും മാറിയതായി അറിഞ്ഞത്.

യുക്രെയിനിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് എംബസി നൽകുന്നത്.

മകന്റെ ഹോസ്റ്റലിന് സമീപവും റഷ്യൻപട്ടാള അധിനിവേശം നടന്നതായാണ് മനസിലാക്കുന്നതെന്ന് ഹുസൈൻ പറഞ്ഞു.150 മലയാളികളും നൂറോളം ഉത്തരേന്ത്യക്കാരും ഒൗസാഫിനൊപ്പമുണ്ട്. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്. കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ വാങ്ങാനും നിവൃത്തിയില്ല.

കുടിവെള്ളസംവിധാനങ്ങളെല്ലാം സ്തംഭിച്ചു. രണ്ടു ദിവസത്തേക്കുള്ള വെള്ളമാണുള്ളത്. റഷ്യ ഹാക്കർമാരെ ഉപയോഗിച്ച് യുക്രെയിനിലെ ബാങ്കുകൾ സ്തംഭിപ്പിച്ചെങ്കിലും എ.ടി.എമ്മിൽ നിന്നും പണം ലഭിച്ചതായി മകൻ പറഞ്ഞു. മിക്ക യൂണിവേഴ്സിറ്റികളും ക്ലാസുകൾ ഒാൺലൈനാക്കിയെങ്കിലും ഒൗസാഫിന് ഒാൺലൈൻ ക്ലാസില്ലായിരുന്നു. ഒാൺലൈൻ ക്ലാസ് ആരംഭിക്കുന്നതോടെ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു കണ്ണൂർ സിറ്റി സ്വദേശിയായ ഔസാഫ്.




സൈറൺ കേട്ടാലുടൻ അണ്ടർ ഗ്രൗണ്ടിലേക്ക് മാറണമെന്ന നിർദ്ദേശം ലഭിച്ചെന്ന് ചൊവ്വയിലെ കെ.ഇ. മുരളീധരന്റെയും കെ. തങ്കമണിയുടെയും മകൻ കെ.തേജസ് രക്ഷിതാക്കളെ അറിയിച്ചു. ഇതുവരെ സൈറൺ മുഴങ്ങിയില്ലെന്ന ആശ്വാസത്തിലും ഇനി മുഴങ്ങാതിരിക്കട്ടെയെന്ന പ്രാർത്ഥനയിലുമാണ് രക്ഷിതാക്കൾ. യുക്രെയിന്റെ തലസ്ഥാനമായ കീവിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായ തേജസ് ഹോസ്റ്റലിൽ കഴിയുകയാണ് .

നേരത്തെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന തേജസിനെയും കൂട്ടരെയും ഇന്ത്യൻ എംബസി കൂടുതൽ സുരക്ഷയൊരുക്കി ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. പുറത്ത് നിരന്തരം ആക്രമണ ശബ്ദം കേൾക്കാമെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് ഇന്നലെ രാവിലെ 11.30 ന് വിളിച്ചപ്പോൾ തേജസ് മാതാപിതാക്കളോട് പറഞ്ഞു.

നിലവിൽ വെള്ളവും ഭക്ഷണവുമുണ്ടെങ്കിലും വരും ദിവസങ്ങളിൽ ദൗർലഭ്യമുണ്ടാകുമോയെന്ന ആശങ്ക മകനുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇന്നലെ മുതൽ എ.ടി.എം സൗകര്യവും ലഭ്യമല്ല. ഇന്റർനെറ്റില്ലാത്തതിനാൽ വാർത്തകളൊന്നും അറിയാൻ കഴിയുന്നില്ല. സർട്ടിഫിക്കറ്റെല്ലാമെടുത്ത് തയ്യാറായിരിക്കാൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.