നീലേശ്വരം: കോവിഡിന് പല വകഭേദങ്ങളുണ്ടെങ്കിലും നമ്മൽ അത് നിസാരവത്കരിച്ച് പലരും സാധാരണ പനി എന്നു കരുതി സ്വയം ചികിത്സ ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങിനെ സ്വയം ചികിത്സ ചെയ്യുമ്പോൾ രോഗത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്ന് താലൂക്ക് ആശുപത്രിയിലെ അസി.സർജ്ജൻ ഡോ. എസ്. സന്ധ്യ പറഞ്ഞു. കേരള കൗമുദിയും നീലേശ്വരം നഗരസഭയും സംയുക്തമായി നടത്തിയ കോവിഡാനന്തര വിഷമങ്ങളും പരിഹാരവും ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ.
ഷുഗർ, പ്രഷർ, കിഡ്നി സംബന്ധമായ രോഗങ്ങളുള്ളവരും സ്ഥിരമായി തലവേദന വരുന്നവരും ഡോക്ടറുടെ ചികിത്സ തന്നെ തേടേണ്ടതാണ്. ചിലരോഗികൾ ആശുപത്രിയിൽ പോയി പരിശോധന നടത്തിയാൽ കോവിഡ് പോസിറ്റീവാകുമെന്ന് കരുതിയാണ് വീട്ടിൽ തന്നെ കഴിയുന്നത്. ഇങ്ങിനെയുള്ള രോഗികളുള്ള വീട്ടിലാണ് മറ്റുള്ളവർക്കും രോഗം പകരുന്നത്. വീട്ടിൽ കുട്ടികളും 60 വയസ്സു കഴിഞ്ഞവരുമുണ്ടെങ്കിൽ രോഗം പിടിപെട്ടവർ ആശുപത്രികളിൽ പോയി നിർബന്ധമായും പരിശോധന നടത്തുക തന്നെ വേണമെന്ന് ഡോക്ടർ പറഞ്ഞു
കോവിഡ് രോഗലക്ഷണമുള്ളവർ ആദ്യം തന്നെ ഡോക്ടറെ കാണുകയാണെങ്കിൽ നമുക്ക് ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുകയാണ് വേണ്ടത്. സാധാരണയായി പനി വന്നാൽ തന്നെ നമ്മൾ അതിനെ നിസ്സാരവൽക്കരിക്കാൻ പാടില്ല. കോവിഡ് പലവകഭേദങ്ങളിലാണ് കണ്ടു വരുന്നത്. അതുകൊണ്ടാണ് രോഗലക്ഷണം കണ്ടാൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണമെന്ന് പറയുന്നത്. കോവിഡ് രോഗം വന്നാൽ ഭയപ്പെടേണ്ട കാര്യമില്ല. വാക്സിനേഷൻ കൃത്യസമയത്തുതന്നെ എടുക്കുക. രോഗം വരുന്നതിനു മുമ്പുള്ള മുൻകരുതലുകൾ കൊണ്ടുതന്നെ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും ഡോക്ടർ സന്ധ്യ പറഞ്ഞു.
കേരളകൗമുദി സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പത്രം: പി.പി. മുഹമ്മദ് റാഫി
നീലേശ്വരം: വാർത്തകൾക്കപ്പുറം സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ഒരു പത്രമാണ് കേരളകൗമുദിയെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി നീലേശ്വരത്തെ വികസന പ്രക്രിയയിൽ കേരളകൗമുദി സജീവ ഇടപെടൽ നടത്തിവരുന്നുണ്ട്. അതുപോലെ തന്നെയാണ് ഇപ്പോൾ കോവിഡാനന്തര വിഷമങ്ങളും പരിഹാരവും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഇനിയും നാടിന്റെ വികസനത്തിന് ഇതുപോലുള്ള പരിപാടികൾ നടത്താൻ കേരളകൗമുദി മുന്നോട്ടു വരണമെന്ന് റാഫി കൂട്ടിച്ചേർത്തു.
കേരള കൗമുദി കണ്ണൂർ യൂനിറ്റ് ചീഫ് എം.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി. ഗൗരി, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ എന്നിവർ സംസാരിച്ചു.നീലേശ്വരം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ എസ്. സന്ധ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.വി. ബാബുരാജൻ സ്വാഗതവും നീലേശ്വരം റിപ്പോർട്ടർ പി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.