തലശേരി: നഗരത്തിലെ ഏറ്റവും തിരക്കേറിയ പഴയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ നിർത്തുന്നതും ആളുകളെ കയറ്റി ഇറക്കുന്നതും തോന്നിയത് പോലെ. 200 മീറ്ററിനുള്ളിൽ എം.ജി. റോഡിൽ അധികൃതവും അല്ലാത്തതുമായ നാല് ബസ് സ്റ്റോപ്പുകൾ..! ഹോസ്പിറ്റൽ റോഡും , എം.ജി.റോഡും യോജിക്കുന്നിടത്ത് ടൗൺ ബസുകൾക്ക് അധികൃത ബസ് സ്റ്റോപ്പ് നിലവിലുണ്ട്. തൊട്ടപ്പുറം വളവ് കഴിഞ്ഞാലുടൻ പഴയ പെട്രോൾ പമ്പിന് മുന്നിൽ നോ പാർക്കിംഗ് സ്ഥലത്ത് മറ്റൊരു ബസ് സ്റ്റോപ്പും. അതിനുമപ്പുറം ബി.ഇ.എം.പി. ഹൈസ്‌കൂളിന് മുന്നിൽ കണ്ണൂർ ഭാഗത്തേക്കുള്ള ലിമിറ്റഡ് ബസ് സ്റ്റോപ്പ്. അതിന് തൊട്ടപ്പുറം യഥാർത്ഥ ബസ് ഷെൽട്ടറും. സ്ഥലപരിചയമില്ലാത്തവർ എവിടെ നിന്നാലാണ് ബസ് കിട്ടുകയെന്നറിയാതെ വലഞ്ഞത് തന്നെ. ബസുകൾ നിർത്തിയിടുന്നത് ഒരു നിയന്ത്രണവുമില്ലാതെയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇതും പ്രാധാന കാരണമാണ്.
അധികൃതർ കർശന നടപടി സ്വീകരിക്കാത്തത് ജനങ്ങളിൽ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സ്‌റ്റോപ്പിൽ ബസ് നിർത്താനും യാത്രക്കാരെ കയറ്റാനും പല ബസ് ജീവനക്കാരും തയ്യാറാവുന്നില്ല. നഗരം മുഴുവൻ നിർത്തി ഗതാഗതക്കുരുക്കുണ്ടാക്കുകയാണ് സ്വകാര്യ ബസുകളെന്നാണ് പരാതി. ബസ് നിർത്താനുള്ള സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല എന്നതാണ് ഇതേക്കുറിച്ച് ചോദിച്ചാലുള്ള മറുപടി. തലശേരി നഗരത്തിലെത്തുന്ന ആർക്കും ഇക്കാര്യം ബോദ്ധ്യപ്പെടും.
കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ അമിതവേഗത്തിലാണ് തലശേരി നഗരസഭാ ഓഫീസിന് മുന്നിലൂടെ എം.ജി റോഡിൽ കടന്നുവരുന്നത്. പകൽ സമയത്ത് നിരവധി കാൽനടയാത്രക്കാരും ടൂവീലറിൽ ഉൾപ്പെടെ യാത്രചെയ്യുന്ന സ്ത്രീകളും വൃദ്ധജനങ്ങളും സഞ്ചരിക്കുന്ന റോഡിൽ പാലിക്കേണ്ട നിയമങ്ങൾ പാലിക്കുന്നില്ല.
ഇങ്ങനെ പോയാൽ കൊള്ളാം
തലശേരി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ ഗതാഗതക്കുരുക്കുണ്ടാക്കും വിധം ബസുകൾ നിർത്തുന്നത് അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാവണം. മേലൂർ, പിണറായി, കായലോട്, പൊന്ന്യം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും തയ്യാറാകണം.
ശരിയായ വഴി തിരഞ്ഞെടുക്കാം
കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ കെ.ആർ ബിസ്‌കറ്റ് കമ്പനിക്ക് മുന്നിലൂടെ, അജിത ബേക്കറി ലൈനിലൂടെ, ട്രാഫിക് പൊലീസ് സ്‌റ്റേഷൻ ഭാഗത്തുകൂടെയാണ് പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. ഇപ്പോൾ തോന്നിയ വഴികളിലൂടെയൊക്കെ ബസ് ഓടുന്ന സ്ഥിതിയുണ്ട്.
നഗരത്തിൽ പ്രവേശിക്കുന്ന സ്വകാര്യബസുകൾ ഒന്നുകിൽ ഗുരുക്കളുടെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന നിലപാട് സ്വീകരിക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവന് പുല്ലുവിലപോലും കൽപ്പിക്കുന്നില്ല.
യാത്രക്കാർ