തളിപ്പറമ്പ്: കണ്ണൂർ - പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരം പിൻവലിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്സി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന ചർച്ചയിൽ ബസ് തൊഴിലാളികൾ ഇറങ്ങി പോയിരുന്നു.
ഉച്ചക്ക് 2 മണിക്ക് ആർ.ഡി.ഒയുടെ ചേമ്പറിൽ വീണ്ടും യോഗം ചേർന്നു. രാവിലെ നടന്ന ചർച്ചയിൽ ആർ.ഡി.ഒ ഇ.പി.മേഴ്സി അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ഇ.എം.റെജി, പയ്യന്നൂർ ഡിവൈ.എസ്.പി.ഇ.കെ. പ്രേമചന്ദ്രൻ, പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി. ബാബു, ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് പി. സജീവൻ, ജൂനിയർ സൂപ്രണ്ട് പി.സി. സാബു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. അഖിൽ, ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ കെ. വിജയൻ, പി.പി. മോഹനൻ, തൊഴിലാളി യൂണിയൻ നേതാക്കളായ കെ. ജയരാജൻ, കെ.വി. രാജൻ (സി.ഐ.ടി.യു), ആലിക്കുഞ്ഞി പന്നിയൂർ (എസ്.ടി.യു), എ.പി. രവീന്ദ്രൻ, പി.വി.പത്മനാഭൻ (ഐ.എൻ.ടി.യു.സി), കെ. ബിജീഷ് (ബി.എം.എസ്), എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. ജിതിൻ, പി.വി. നിധിൻ, കെ.എസ്.യു നേതാക്കളായ അനഘ രവീന്ദ്രൻ, ആരോമൽ രാജേഷ് എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് പയ്യന്നൂർ- കണ്ണൂർ റൂട്ടിൽ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയത്. എടാട്ട് പയ്യന്നൂർ കോളേജ് ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് ആരോപിച്ചായിരുന്നു പണിമുടക്ക്. വിദ്യാർത്ഥികളെ അറസ്റ്റുചെയ്യാതെ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് പറഞ്ഞാണ് ബസ് തൊഴിലാളികൾ ഇന്നലെയും പണിമുടക്ക് നടത്തിയത്. ആദ്യദിവസം തളിപ്പറമ്പ്- കണ്ണൂർ റൂട്ടിൽ ഓർഡിനറി ബസുകൾ നടത്തിയിരുന്ന സർവീസും ഇന്നലെ ഒഴിവാക്കിയത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരുന്നു.