muralidharan
തേജസിന്റെ പിതാവ്മുരളീധരന്‍

കണ്ണൂർ:കഴിഞ്ഞ അഞ്ചു വർഷമായി ഉക്രൈൻ തലസ്ഥാനമായ കീവിൽ എം.ബി.ബി.എസ് പഠനം നടത്തിവരികയാണ് എടച്ചൊവ്വയിലെ തേജസ്. റഷ്യൻ മിസൈലുകൾ ഉക്രൈയിനെ ഭീതിയിലാഴ്ത്തുമ്പോൾ കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള കൃഷ്ണത്തുളസിയെന്ന വീട്ടിലേക്ക് ആ ഭീതി പടരുകയാണ്..

ഈ വീട്ടിൽ എത്തി പിതാവ് കെ.എ മുരളിധരനെയും മാതാവ് തങ്കമണിയേയും അനുജത്തി തുളസിയേയും ആശ്വസിപ്പിക്കുന്നുണ്ട് പലരും.മുരളീധരന്റെ മൂത്ത മകനാണ് തേജസ്. കിവീലെ ബോയോ മോൾസ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിയാണ്.

ആറു മാസം മുൻപാണ് നാട്ടിൽ വന്ന് തിരിച്ച് പോയത്. തേജസ് താമസിക്കുന്ന ഹോസ്റ്റലിന് എട്ടുനില കെട്ടിടത്തിൽ വിവിധ രാജ്യങ്ങളിലുള്ള മൂവായിരത്തിലധികം മെഡിക്കൽ വിദ്യാർത്ഥികളുണ്ട് ഇവരിൽ നൂറ്റമ്പതു പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ബോംബ് സഫോടനശബ്ദം കേൾക്കുന്നതായി മകൻ പറഞ്ഞെന്ന് മുരളീധരൻ വെളിപ്പെടുത്തി.ഭാരതീയവിദ്യാഭവനിലെ ലൈബ്രേറിയനാണ് മുരളീധരൻ തങ്കമണി.പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സും. ഇളയ മകൾ തുളസി ബി. എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.

ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

തേജസിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാനായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എടചൊവ്വയിലുള്ള വീട്ടിൽ സന്ദർശനം നടത്തി. തേജസും സഹപാഠികളും താമസിക്കുന്ന ഹോസ്റ്റൽ സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. എസ്.സി മോർച്ച സംസ്ഥാന ട്രഷറർ കെ.രതീഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, സെക്രട്ടറി വൈശാഖ്, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് ജിതിൻ, ഏരിയ പ്രസിഡന്റ് നിതിൻ, ജനറൽ സെക്രട്ടറി ഷഗിൽ തുടങ്ങിയവരും രഞ്ചിത്തിനൊപ്പമുണ്ടായിരുന്നു.