keev
ആകാശും സംഘവും മെട്രോയിലെ ഭൂഗർഭ സ്റ്റേഷനിൽ

 കോതമംഗലത്തെ നാസിം മുസ്തഫ, കിളിമാനൂർ തട്ടാട്ടുമലേയിലെ അഖിൽ മാധവൻ എന്നിവരും കൂടെ

മട്ടന്നൂർ: റഷ്യൻ അധിനിവേശത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന യുക്രയിനിൽ കുടുങ്ങിയ മകനെ ഓർത്ത് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പനയത്താംപറമ്പിലെ കെ.വി കനകനും ഭാര്യ എം.പി.ലിസിയ്ക്കും. യുക്രൈനിലെ കാർക്കിവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എംബി.ബി.എസ് വിദ്യാർത്ഥിയായ മകൻ സഹപാഠികൾക്കൊപ്പം മെട്രോ സിറ്റിയിലെ ഭൂഗർഭ ബങ്കറിൽ കഴിയുകയാണെന്ന വിവരമാണ് ഇവരെ ആധിയിലാഴ്ത്തിയത്.

കാർക്കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിക്കു സമീപത്താണ് ആകാശ് ഉൾപ്പെടെ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റ്. മാർച്ച് ആറിന് ഇന്ത്യയിലേക്കു മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും സ്ഫോടനത്തെ തുടർന്ന് എയർപോർട്ട് അടച്ചത് മറ്റ് വിദ്യാർത്ഥികളെ പോലെ ആകാശിന്റെയും യാത്ര തടസപ്പെടുത്തി. നിലവിൽ ഇവർ താമസിക്കുന്ന പ്രദേശത്ത് പ്രശ്നങ്ങൾ ഇല്ല. അപായ സൈറൺ മുഴങ്ങിയാൽ ഫ്ലാറ്റിനടിയിലെ ബങ്കറിലേക്ക് നീങ്ങാനാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം.
ആകാശുമായി ഫോണിൽ സംസാരിച്ചുവെന്നും കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതായി വിവരം ലഭിച്ചെന്നും രക്ഷിതാക്കൾ പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും പായ്ക്ക് ചെയ്ത് ഭൂഗർഭ അറയിലേക്ക് മാറാനുള്ള നിർദേശമാണ് അധികൃതർ നൽകിയത്

ഫ്ളാറ്റിൽ നിൽക്കരുത്

ഫ്ലാറ്റ് പോലുള്ള ഉയർന്ന കെട്ടിടങ്ങളിൽ നിന്നാൽ ബോംബ് ആക്രമണത്തിൽ അപായം സംഭവിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഭൂമിക്കടിയിലെ ബങ്കറുകളിലേക്ക് മാറാൻ വിദ്യാർത്ഥികൾക്കു നിർദേശം ലഭിച്ചത്.