bank

കണ്ണൂർ:കാൺഗ്രസ് നിയന്ത്രണത്തിലുള മുഴപ്പിലങ്ങാട് പബ്ലിക് വെൽഫെയർ കോ ഓപ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടന്നെന്ന് കാണിച്ച് പൊലീസിനും സഹകരണ വകുപ്പ് അധികൃതർക്കും പരാതി . . നിക്ഷേപിച്ച പണം തിരികെക്കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയിൽ കുടുങ്ങിയും തട്ടിപ്പിനിരയായ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. സൊസൈറ്റിയിൽ നിക്ഷേപമായി എത്തിയ 1.18 കോടി രൂപ എങ്ങോട്ടുപോയെന്ന് സഹകരണ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2012 ലാണ് മുഴപ്പിലങ്ങാട് പബ്ലിക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി സി.വി.പ്രദീഷാണ് ദീർഘകാലമായി സൊസൈറ്റിയുടെ പ്രസിഡന്റ്. യു.ഡി.എഫ് ഭരണകാലത്ത് തട്ടിക്കൂട്ടി സഹകരണസംഘം രൂപീകരിക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. 34 ലക്ഷത്തോളം രൂപ വായ്പയായി നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 1.18 കോടിയാണ് ആകെ നിക്ഷേപം. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയപ്പോൾ പ്രസിഡന്റും താൽകാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നിക്ഷേപകർക്കു ബോധ്യമായത്. പരാതിയുമായി കെ.പി.സി.സി പ്രസിഡന്റിനെയും മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും ഇവർ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.

പ്രവർത്തനം വാടകക്കെട്ടിടത്തിൽ;കണക്കുകൾ ചെറുപുസ്തകത്തിൽ

മുഴപ്പിലങ്ങാട് സ്‌കൂളിനടുത്ത വാടകക്കെട്ടിടത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് കൺസ്യൂമർ സ്റ്റോർ തുടങ്ങിയിരുന്നെങ്കിലും വൈകാതെ പൂട്ടി. സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയിൽ സൊസൈറ്റിയിൽ കൃത്യമായ രേഖകളോ കണക്കുകളോയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പുസ്തകത്തിലാണ് വായ്പയുടെയും നിക്ഷേപത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.സർക്കാർ സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച 30 ലക്ഷം രൂപ നിക്ഷേപിച്ചവരടക്കം നാലുപേരാണ് എടക്കാട് പൊലീസിൽ പരാതി നൽകിയത്.