photo-1-
ഫെസിലിറ്റേഷൻ സെന്ററിനായി ഒരുക്കിയ കെട്ടിടം

കണ്ണൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങുന്നു.തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ, അവകാശങ്ങൾ, ഇൻഷുറൻസ് പരിരക്ഷകൾ തുടങ്ങിയ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടാകും.താവക്കര യൂണിവേഴ്‌സി​റ്റി റോഡിന് സമീപമുള്ള ഓഫീസ് മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.

ജില്ലാ ലേബർ ഓഫീസിന് കീഴിൽ ലേബർ എൻഫോഴ്‌സമെന്റ് ഓഫീസർക്കാണ് ഫെസിലി​റ്റേഷൻ സെന്ററിന്റെ ചുമതല. ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കും. ഇവർക്ക് പുറമെ ആവാസ് ഇൻഷുറൻസ് പദ്ധതിയുടെ ചുമതലയുള്ള ജീവനക്കാരനുമുണ്ടാകും. ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ രജിസ്​റ്റർ ചെയ്യാം.

ജില്ലയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ വിജയകരമല്ലെന്നാണ് വിലയിരുത്തൽ. കുത്തിവെപ്പിനോടും മറ്റ് പരിശോധനകളോടും പൊതുവെ ഇവർ വിമുഖത പ്രകടിപ്പിക്കുകയാണ് പതിവ്. ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടു കൂടി ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

തങ്ങളുടെ തൊഴിൽ സുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള ആവാസ് പദ്ധതിയോ,​ ആരോഗ്യ സുരക്ഷാ കാർഡോ സംബന്ധിച്ച് മിക്ക അന്യസംസ്ഥാന തൊഴിലാളികൾക്കും അറിയില്ല. ഇത്തരം പ്രശ്നങ്ങൾക്കും ഫെസിലിറ്റേഷൻ സെന്ററിലൂടെ പരിഹാരമുണ്ടാകും.കൊവിഡിന് ശേഷം രജിസ്ട്രേഷൻ പുനരാരംഭിച്ചപ്പോൾ 11 പേർ മാത്രമാണ് രജിസ്‌റ്റർ ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 28945 പേർക്കാണ് ജില്ലയിൽ ആവാസ് കാർഡ് ലഭിച്ചത്. എന്നാൽ ഇതിൽ പകുതി പേരും ഇപ്പോൾ സ്വന്തം നാട്ടിലാണ്. കാർഡുള്ളവർക്ക് അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട ലക്ഷം രൂപയും ചികിത്സക്ക് 25,000 രൂപയും ലഭിക്കും. ആറ് പേർക്ക് രണ്ട് ലക്ഷം രൂപ നൽകിയിട്ടുണ്ട്. മരണം സംഭവിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ പ്രയാസപ്പെടുന്നവർക്ക് 50,000 രൂപ ആംബുലൻസ് വാടകയുമായി നൽകും.

അന്യ സംസ്ഥാന തൊഴിലാളികളുടെ നിയമപരമായ പ്രശ്നങ്ങൾക്കും തൊഴിലിടങ്ങളിലെ ചൂഷണത്തിനുമെല്ലാം ഫെസിലിറ്റേഷൻ സെന്റർ വഴി പരിഹാരമുണ്ടാകും.മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യാമെന്നാണ് പ്രതീക്ഷ.

പി.ഷാജി, ജില്ലാ ലേബർ എൻഫോർസ്മെന്റ് ഒാഫീസർ