poster
തലശേരി കോടതിയുടെ ചുമരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

തലശേരി: കോടതി കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നും മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്റർ ഭീഷണി. ഇന്നലെ വൈകുന്നേരം ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിൽ കടലാസിൽ എഴുതി പതിച്ച ഭീഷണി പോസ്റ്റർ കാണപ്പെട്ടത്.
വിവരമറിഞ്ഞ് തലശേരി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ വരികളിൽ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയും മോശമായ ഭാഷയിലാണ് വിമർശിക്കുന്നത്. കുടുംബകോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തർക്കമുണ്ടായിരുന്നത്രെ. ഇതിന്റെ പ്രതിഫലനമാണ് ഭീഷണി പോസ്റ്ററെന്നും അനുമാനിക്കുന്നു.

പോരാട്ടമെന്നപേരിലാണ് പോസ്റ്ററെങ്കിലും മാവോവാദി സംഘടനകളുമായി പോസ്റ്ററിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.