
തലങ്ങും വിലങ്ങും വെട്ടേറ്റ് വികൃതമായ പ്രിയപ്പെട്ടവന്റെ ശരീരത്തിന് മുകളിൽ വീണ് കരയുന്ന ഭാര്യ, നെഞ്ചിൽ നിറയെ പൂക്കളുമായി അച്ഛൻ അനങ്ങാതെ കിടക്കുന്നതു കണ്ട് പകച്ചുനിൽക്കുന്ന കുഞ്ഞുങ്ങൾ, മാറത്തടിച്ചു നിലവിളിക്കുന്ന അമ്മമാർ, സഹോദരിമാർ-തലശ്ശേരി മേഖലയിൽ ഒരുപാടു തവണ ആവർത്തിച്ച ഈ കാഴ്ച ചെറിയൊരു കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആവർത്തിച്ചിരിക്കുന്നു. തിന്നാൻ വേണ്ടി മാത്രം കൊല്ലുന്ന കാട്ടുമൃഗങ്ങളുടെ നീതി പോലുമില്ലാതെ ക്രൂരമായ കൊലപാതകങ്ങൾ.
ഓരോ കൊലപാതകം നടക്കുമ്പോഴും ഇത് അവസാനത്തേതായിരിക്കുമെന്ന് കരുതാറുണ്ട് കേരളം. പക്ഷേ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് യാതൊരു അറുതിയുമില്ല. കലങ്ങിമറിയുകയാണ് കണ്ണൂരിന്റെ രാഷ്ട്രീയ മനസ്. കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിനിടെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനു ശേഷം രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് ഇടവേളയായിരുന്നു. കഴിഞ്ഞ ആഴ്ച പുലർച്ചെ വീണ്ടും കൊലപാതകം അരങ്ങേറി. ആറുവർഷത്തിനിടെ 15 പേരുടെ ജീവനാണ് കൊലക്കത്തിയിൽ പിടഞ്ഞുതീർന്നത്. പുന്നോലിലെ ഹരിദാസനെ ബി.ജെ.പി, ആർ. എസ്. എസ്. പ്രവർത്തകർ കൊലപ്പെടുത്തിയെന്ന് സി.പി. എം ആരോപിക്കുമ്പോഴും പൊലീസിന്റെ നിഷ്ക്രിയത്വയും ഇവിടെ ചർച്ചയാകുന്നുണ്ട്.
എവിടെയാണ്
സുരക്ഷിതത്വ ബോധം ?
കണ്ണൂരിലെ കൊലപാതകങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് പലപ്പോഴും പൊലീസ് തന്നെയായിരിക്കും. പല കൊലപാതകങ്ങളും മുൻകൂട്ടി മണത്തറിയുന്ന പൊലീസ് ഇതു തടയാൻ നടപടിയെടുക്കുന്നുമില്ല. ഏറ്റവും ഒടുവിൽ ന്യൂമാഹിയിലെ സി.പി. എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിലും സംഭവിച്ചത് ഇതുതന്നെ. തൊട്ടടുത്ത ക്ഷേത്രോൽസവത്തിലെ ചെറിയ കശപിശ എങ്ങനെയാണ് ഒരാളുടെ ജീവനെടുക്കാൻ പാകത്തിലേക്ക് വളരുന്നത്. സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും കൊലയിലേക്ക് നീളുകയായിരുന്നു. ഇതിനിടെ സി.പി.എം പ്രവർത്തകനായ ഹരിദാസന് ബി.ജെ.പി പ്രവർത്തകരിൽ നിന്നു വധഭീഷണിയുമുണ്ടായി. പരാതിയുമായി സ്റ്റേഷനിൽ പോയ ഹരിദാസന് പൊലീസിന്റെ സൗജന്യ ഉപദേശവും.
പൊലീസിന്റെ ഉപദേശം കേട്ട് മടങ്ങിയ ഹരിദാസന് നേരെ വീണ്ടും എതിരാളികളിൽ നിന്നു വധഭീഷണിയുണ്ടായി. മൂന്നാഴ്ചയോളം ജോലിക്ക് പോകാതിരുന്ന ഹരിദാസൻ ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അക്രമികളുടെ കൊലക്കത്തിയിൽ ആ ജീവൻ പൊലിഞ്ഞു തീരുന്നതാണ് പിന്നീട് കണ്ണൂർ കണ്ടത്. പരാതി പറയാനെത്തുന്നവർക്ക് സുരക്ഷിതത്വ ബോധം നൽകേണ്ടതിനു പകരം ഉപദേശിയാകാൻ നിന്ന പൊലീസിനെതിരെയാണ് ഈ സംഭവത്തിൽ നാട്ടുകാർ പ്രതികരിക്കുന്നത്.
തലശ്ശേരിയിലെ ഒരു ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കശപിശയുണ്ടായിരുന്നു. ഇത് പിന്നീട് ക്ഷേത്രോൽസവം നടക്കുമ്പോൾ വാക്കേറ്റവും സംഘട്ടനവുമായി മാറി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഘർഷം. പൊലീസ് കുഴപ്പക്കാരെ പിരിച്ചയച്ചെങ്കിലും ഇരുവിഭാഗവും സംഘം ചേർന്ന് വീണ്ടും അക്രമത്തിന് കോപ്പ് കൂട്ടുകയായിരുന്നു. തുടർന്നുള്ള സംഘട്ടനത്തിൽ കൊല്ലപ്പെട്ട ഹരിദാസന്റെ സഹോദരൻ സുരേന്ദ്രൻ, ഷിജിൻ എന്നീ സി.പി.എം.പ്രവർത്തകർക്കും ആർ.എസ്.എസുകാരായ വിമിൻ., ദീപക് ചാലിക്കണ്ടി എന്നിവർക്കും പരിക്കേറ്റിരുന്നു.
തുടർന്ന് ബി.ജെ.പി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനവും പൊതുയോഗവും നടത്തി. അതിൽ ചിലരുടെ പേരെടുത്ത് കൊലവിളിയും നടത്തിയിരുന്നു. ഹരിദാസന്റേയും സഹോദരൻ സുരേന്ദ്രന്റേയും പടങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി സി.പി.എം. ആരോപിക്കുന്നുണ്ട്. വീടുകൾ അക്രമിക്കപ്പെടുമെന്നും, തുടർസംഘട്ടനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും കാണിച്ച് രഹസ്യാന്വേഷണ വിഭാഗം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി അറിയുന്നു. എന്നാൽ ലോക്കൽ പൊലീസ് ശക്തമായ പട്രോളിംഗ് ഏർപ്പെടുത്താനോ, ഇരുപാർട്ടികളുടേയും നേതാക്കളെ വിളിച്ച് സമാധാനം ഉറപ്പ് വരുത്താനോ തയ്യാറായിട്ടില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
സംഘർഷം പുകയുന്ന സാഹചര്യത്തിൽ പൊലീസ് ലാഘവത്തോടെ നോക്കിക്കണ്ടതാണ് പ്രശ്‌നം കൂടുതൽ വഷളാക്കാൻ ഇടയാക്കിയതെന്ന് ഇരു രാഷ്ട്രീയ നേതൃത്വങ്ങൾക്കും ആക്ഷേപമുണ്ട്.
കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര, ജീവന് ജീവൻ എന്നതായിരുന്നു ഒരു കാലത്ത് കണ്ണൂരിന്റെ മുദ്രാവാക്യം. കൊലപാതകവും അക്രമവും ഈ നാടിന് വേണ്ടുവോളം ദുഷ്പേര് ചാർത്തി നൽകിയിട്ടുമുണ്ട്.
സമാധാന കരാറിനു
പിന്നാലെ കൊലപാതകം
കൊലയ്ക്ക് ശേഷം നിരവധി സമാധാന ചർച്ചകൾ കണ്ട നാടാണ് കണ്ണൂർ. ആദ്യം കൊല, പിന്നെ സമാധാനം എന്നതാണ് ഇവിടുത്തെ പ്രധാന മുദ്രാവാക്യം. സമാധാന ചർച്ചാ കരാറുകളിലെ മഷിയുണങ്ങും മുൻപ് തുടർകൊലപാതകങ്ങൾ അരങ്ങേറിയ നാടുകൂടിയാണ് കണ്ണൂർ. കണ്ണൂരിൽ കൊണ്ടും കൊടുത്തും കൊല്ലപ്പെട്ടവർ ഇരുന്നൂറോളം വരും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ വഴിപാടുപോലെ നടക്കുന്ന ജില്ലാതല സർവകക്ഷി സമാധാന ചർച്ചകളിൽ അക്രമത്തിന്റെ ഉത്തരവാദിത്വം ഒരു പാർട്ടിയും ഏറ്റെടുക്കാറില്ല. പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിയുന്നതായിരുന്നു പതിവ്. യോഗത്തിനു ശേഷം അക്രമസ്ഥലം സന്ദർശിക്കുന്ന സർവകക്ഷി സംഘർഷ പ്രദേശങ്ങളിൽ സമാധാനം പുന:സ്ഥാപിക്കാൻ ധാരണയായെന്ന് പറയുന്നതോടെ ചടങ്ങ് അവസാനിക്കുകയാണ് പതിവ്.
കണ്ണൂരിലെ രാഷ്ട്രീയ നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരുന്നതാണ് അക്രമവും കൊലപാതകവുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടത്. കാട്ടുതീ പടരുന്ന കൊലപാതകങ്ങൾ സ്വിച്ചിട്ടതു പോലെ നിലക്കുകയായിരുന്നു അന്ന്. ഇതിന്റെ ഭാഗമായി താഴേത്തലം മുതൽ സമാധാന കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഡിസംബർ മുതൽ മേയ് വരെയാണ് അക്രമ സംഭവങ്ങൾ നടക്കാറുള്ളത്. ഇലക്ട്രിക് പോസ്റ്റിനു പോലും രാഷ്ട്രീയമുള്ള കാലമായിരുന്നു അത്. ഇലക്ട്രിക് പോസ്റ്റുകളിൽ എഴുതുന്ന വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ എഴുത്തുകളെ ചൊല്ലിയുള്ള തർക്കമാണ് പലപ്പോഴും കൊലപാതകങ്ങളിലേക്ക് നയിച്ചിരുന്നത്. കാവുകളിലും ഉത്‌സവപറമ്പുകളിലുമുള്ള ചെറിയ ചെറിയ വാക്കേറ്റങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് പതിവ്. ചെറിയ ഉരസലുകൾ തീപ്പൊരിയുണ്ടാക്കാതിരിക്കാൻ അവിടെവച്ച് തന്നെ കൂടുന്ന സമാധാന കമ്മിറ്റികൾ ഇതിനു വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും കൂടാറില്ല. കണ്ണൂരിൽ ആരും സമാധാനത്തെക്കുറിച്ച് ചർച്ച ചെയ്യാറുമില്ല . നേതാക്കൾ വിചാരിച്ചാൽ വിരാമമിടാൻ കഴിയുമായിരുന്ന കൊലപാതകങ്ങളാണ് കണ്ണൂരിൽ നൂറുകണക്കിന് കുടുംബങ്ങളെ അനാഥമാക്കിയത്.
2015, 2016 നെ അപേക്ഷിച്ച് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.