കണ്ണൂർ: വിനാശകരമായ കെ റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്റാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സമര ജാഥ സംഘടിപ്പിക്കും. മാർച്ച് ഒന്നിന് കാസർകോട് നിന്നാരംഭിക്കുന്ന ജാഥ 24ന് തിരുവന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ അവസാനിക്കും.
കാസർകോട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. 100 ലേറെ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജാണ് ജാഥ ക്യാപ്റ്റൻ. ജനറൽ കൺവീനർ എസ്. രാജീവൻ വൈസ് ക്യാപ്റ്റനും ചെയർമാൻ ടി.ടി ഇസ്മയിൽ മാനേജരുമാണ്.
ഒന്നിന് വൈകിട്ട് നാലിന് കാസർകോട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ടിന് രാവിലെ ഒമ്പതിന് ഉദുമയിൽ നിന്നും ജാഥയാരംഭിക്കും. മാർച്ച് മൂന്നിന് 4.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സ്വീകരണം നൽകും. വാർത്ത സമ്മേളനത്തിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വൈസ് ചെയർമാൻ ടി.ടി ഇസ്മിയൽ, കൺവീനർ എസ്.രാജീവൻ, പി.പി. കൃഷ്ണൻ, പി.സി വിവേക് എന്നിവർ സംബന്ധിച്ചു.