തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് വി.വി സജീവൻ നിർവ്വഹിച്ചു.

പഞ്ചായത്തിലെ തയ്യിൽ നോർത്ത് സ്കൂൾ മുതൽ തയ്യിൽ സൗത്ത് വരെ 3 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ പ്രവൃത്തി നടക്കുന്നത്. തൃക്കരിപ്പൂർ കെ.എസ്.ഇ.ബി സെക്ഷൻ തനത് ഫണ്ടിൽനിന്ന് 76 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. മുകളിൽ കൂടി കടന്നുപോവുന്ന ഓവർ ഹെഡ് 11 കെ.വി. ലൈനിന് പകരമാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. സാധാരണ ലൈൻ വലിക്കുന്നതിനേക്കാൾ 5 ഇരട്ടി ചിലവുള്ള പദ്ധതിയാണിത്.

തൃക്കരിപ്പൂർ സെക്ഷൻ പരിധിയിൽപ്പെട്ട വലിയപറമ്പ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി തടസം നേടിടുന്ന തെക്കൻ മേഖല മുഴുവനായും കേബിൾ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യപടിയാണ് ഈ പ്രവൃർത്തി. തുടർന്നുള്ള വാർഷിക പദ്ധതിയിൽ ശേഷിക്കുന്ന ഭാഗത്തുകൂടി കേബിൾ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രദേശത്തെ വൈദ്യുതി തടസ്സത്തിന്

ശാശ്വത പരിഹാരമാവുമെന്നാണ് കരുതുന്നത്.

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, പഞ്ചായത്തംഗം എം. അബ്ദുൽ സലാം, കെ.പി. ബാലൻ, കെ.വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ സെക്ഷൻ അസി. എൻജിനീയർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ പ്രവൃത്തി പ്രസിഡന്റ് വി.വി സജീവൻ ഉദ്ഘാടനം ചെയ്യുന്നു.