കണ്ണൂർ: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം 'സുഭിക്ഷ ഹോട്ടലുകൾ' ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും പിലാത്തറയിലും സ്ഥലം കണ്ടെത്തിയതായി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
കണ്ണൂർ നിയോജക മണ്ഡലത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ സുഭിക്ഷ ഹോട്ടലിനായി 1500 ചതുരശ്ര അടി സ്ഥലം നൽകും. കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പിലാത്തറയിൽ ചെത്ത് തൊഴിലാളി സഹകരണ സംഘം സുഭിക്ഷ ഹോട്ടലിന് വാടകയില്ലാതെ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിൽ ഹോട്ടലിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിന് പഞ്ചായത്തുകൾക്ക് സഹായം നൽകണമെന്ന് അദ്ധ്യക്ഷനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്തുകൾ സംയുക്ത കുടിവെള്ള പദ്ധതിക്കായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്തു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. സണ്ണി ജോസഫ്, കെ.പി മോഹനൻ, സജീവ് ജോസഫ്, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങളിൽ ചിലത്
കോർപറേഷനിൽ വാതക ശ്മശാനം നിർമ്മിക്കാൻ സെക്രട്ടറി സമർപ്പിച്ച രണ്ടു കോടി രൂപയുടെ ഡി.പി.ആറിന് ഭരണാനുമതി ആറളം ഫാമിലെ ആനമതിൽ എട്ട് മാസത്തിനകം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി
പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് അംബേദ്കർ കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തി
ജലജീവൻ മിഷൻ: ട്രയൽ റൺ
ജലജീവൻ മിഷൻ ഗാർഹിക കണക്ഷന്റെ ട്രയൽ റൺ മാർച്ച് 31ഓടെ പൂർത്തിയാക്കി മുഴുവൻ വീടുകളിലും ജലവിതരണം നടത്തുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കിഫ്ബി പ്രവൃത്തിയായ കാവിൻമുനമ്പ് പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ആവശ്യമായ ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു