shani
എസ്.എം.എ ബാധിച്ച മൂന്നുവയസുകാരി ഷാനി

തളിപ്പറമ്പ്: ഗുരുതര ജനിതക രോഗമായ സ്പൈനൽ മാസ്കുലർ അട്രോഫി (എസ്.എം.എ)​ ബാധിച്ച മൂന്നു വയസുകാരിയുടെ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ നാട് ഒരുമിക്കുന്നു. സമാനരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി പതിനെട്ടുകോടിയോളം സമാഹരിക്കാനായതിന്റെ പശ്ചാത്തലത്തിലാണ് പരിയാരം വായാട്ടോ കോറോംകുടിയൻ ഷാജിയുടെയും റോഷ്നിയുടെയും മകളായ ഷാനിയ്ക്കായി നാട് ഒരുമിക്കുന്നത്.

ദമ്പതികളുടെ മൂത്ത മകൻ ഇഷാനും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇഷാന് അമേരിക്കൻ എൻ.ജി.ഒ സംഘടനവഴി സൗജന്യ മരുന്ന് ലഭിച്ചിരുന്നു. ആറുകോടി രൂപയാണ് ഷാനിയുടെ ചികിത്സയ്ക്കായി വേണ്ടത്.ഈ ദരിദ്ര കുടുബത്തിന് തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി തുടങ്ങിയവർ രക്ഷാധികാരികളായി ചികിത്സാസഹായകമ്മിറ്റി നിലവിൽ വന്നത്. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ചെയർപേഴ്സണും പി.സി റഷീദ് ജനറൽ കൺവീനറും ഇബ്രാഹിം കു ട്ടി തിരുവട്ടൂർ ട്രഷററുമായാണ് കമ്മിറ്റി. ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ചിൽ ചികിത്സാ സഹായകമ്മിറ്റി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് സി.എം.കൃഷ്ണൻ, ടി.ഷീബ, പി.സി.റഷീദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഇ.ടി. രാജീവൻ

എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അക്കൗണ്ട് വിവരം. ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ച് അക്കൗണ്ട് നമ്പർ 11270200017719. കോഡ്: എഫ്.ഡി.ആർ.എൽ 0001127 . ഗൂഗിൾ പേ :7902391355.