തലശ്ശേരി: മികച്ച സഹകരണ പ്രസ്ഥാനങ്ങൾക്കുള്ള രാജ്യത്തെ പരമോന്നത പുരസ്കാരമായ എൻ.സി.ഡി.സി ദേശീയ അവാർഡ് വീണ്ടുമെത്തിയത് കതിരൂർ സർവീസ് സഹകരണ ബാങ്കിനുള്ള വലിയ അംഗീകാരമായി.
സഹകരണ പ്രസ്ഥാനങ്ങളുടെ ജീവനാഡിയായ കണ്ണൂർ ജില്ലയിൽ നിന്ന് കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കുറുക്കുവഴികളിലൂടെയല്ല.
നിത്യജീവിതത്തിലെ ഏത് കാര്യത്തിനും ഇവിടുത്തുകാർ ദൈനം ദിനം ആശ്രയിക്കുന്നുണ്ട് ഈ ബാങ്കിനെ.അവർക്ക് അനിവാര്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിവെക്കാൻ ഈ സൂപ്പർ ഗ്രേഡ്ബാങ്കിന് സാധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഏറ്റവും നല്ല റിലീഫ് പാക്കേജ് നടപ്പിലാക്കിയതിനുള്ള പുരസ്കാരം നേരത്തെ ലഭിച്ചിരുന്നു.. മത്സരരംഗത്തുള്ള മറ്റു ബാങ്കുകളെ ഏറെ പിന്നിലാക്കിയാണ് രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡി.ജി.എം ഉൾപ്പെട്ട ജൂറി അഭിപ്രായപ്പെട്ടതായി ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു..
കൊവിഡിൽ അംഗങ്ങൾക്കായി നാലുകോടി
കൊവിഡ് കാലത്ത് അംഗങ്ങൾക്ക് 10,000 രൂപ വീതം നാല് കോടിയുടെ പലിശ രഹിത വായ്പ, ആംബുലൻസ് സർവീസ്, മെഡിക്കൽ ലാബ് ആൻഡ് മെഡിക്കൽ സെന്റർ, വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനു പലിശ രഹിത വായ്പ, എസ്.എൽ.എഫ് പദ്ധതി പ്രകാരം അഞ്ച് ശതമാനം പലിശ നിരക്കിൽ അഞ്ചു കോടി രൂപയുടെ വായ്പ, മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് 12.5 ലക്ഷം രൂപയുടെ സംഭാവന , മൂന്നു പഞ്ചായത്തുകൾക്ക് 70 ഓക്സീമീറ്റർ, ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിക്കൽ, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കിടക്കകൾ, ബെഡ് ഷീറ്റുകൾ , സാമൂഹിക അടുക്കളയിലേക്ക് സാമ്പത്തിക സഹായം, മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശനിരക്കിൽ വായ്പ, കാർഷികോൽപ്പാദന പ്രോത്സാഹനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ബാങ്ക് വഴി നടന്നു.
ആധൂനിക ലൈബ്രറി മുതൽ മൾട്ടി ജിംനേഷ്യം വരെ
സഹകരണ മേഖലയിൽ ആദ്യമായി മൾട്ടി ജിം ആൻഡ് ഫിറ്റ്നസ് സെന്റർ തുറന്നതും കതിരൂർ ബാങ്കാണ്. സ്വയം പ്രവർത്തിക്കുന്ന പതിനായിരം പുസ്തകങ്ങളുള്ള അത്യാധുനിക ലൈബ്രറി, എണ്ണമയമില്ലാത്ത ഭക്ഷണ വിൽപ്പന ഔട്ട്ലറ്റ്, സൂപ്പർ മാർക്കറ്റ്, പച്ചക്കറി വിപണന കേന്ദ്രം. സൈക്കിൾ ക്ലബ്ബ്, നീതി സ്റ്റോർ, മെഡിക്കൽ ലാബ്, എ.ടി.എം.സംവിധാനം തുടങ്ങി സ്വപ്ന സദൃശമായ പദ്ധതികൾ ഈ ബാങ്കിനുണ്ട്.
കൊവിഡ് കാലഘട്ടത്തിലെ അടച്ചുപൂട്ടലിനു നടുവിലും കഴിഞ്ഞ വർഷം ബാങ്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവർത്തനലാഭമുണ്ടാക്കാനായി. സെക്രട്ടറി കെ.അശോകനും ഭരണ സമിതിയും ഒരു ശരീരവും ഒരു മനസ്സുമായി പ്രവർത്തിച്ചതിന്റെ അംഗീകാരമുദ്രയാണ് ഈ പുരസ്കാരം- പ്രസിഡന്റ് ശ്രീജിത്ത് ചോയൻ