തലശ്ശേരി: ചരിത്രം രേഖപ്പെടുത്തിയതും വടക്കൻപാട്ടുകളിൽ പാടിപതിഞ്ഞതുമായ കടത്തനാടിന്റെ ആയുധങ്ങളടക്കമുള്ള പുരാവസ്തുക്കളും കളരിയിൽ ഉപയോഗിച്ചിരുന്ന വിവിധ സാധനങ്ങളുമായി പൊന്ന്യത്തങ്കം നടക്കുന്ന ഏഴരക്കണ്ടത്തിൽ ഒരു പവലിയനുണ്ട്. പുതുപ്പണംഗുരുക്കൾസ് ആയുർവേദ കളരി മർമ്മ ചികിത്സാ കേന്ദ്രം ഒരുക്കിയ കളരിചരിത്ര പവലിയൻ കളരിയഭ്യാസികൾക്കും, ചരിത്രാന്വേഷികൾക്കും ഒരുപോലെ കൗതുകം സമ്മാനിക്കുകയാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മരത്തിലും ലോഹങ്ങളിലും തീർത്ത പലവിധ കളരി ആയുധങ്ങൾ, ഒറ്റത്തണ്ടിൽ തീർത്ത മഞ്ചൽ, എണ്ണപ്പാത്തി, മർമ്മക്കോലുകൾ, വടിപ്പ് മരുന്നുകൾ, കളരിയിൽ മാത്രം ഉപയോഗിക്കുന്ന എണ്ണകൾ ,പല തരം കളരി മരുന്നുകൾ,പറകൾ, ഇടങ്ങഴി ,ആമാട പെട്ടികൾ, തൂക്കക്കോലുകൾ, മരപ്പാത്രങ്ങൾ. പെട്ടികൾ, തിമിംഗലത്തിന്റെ വാരിയെല്ല്, പഴയ കാല വിളക്കുകൾ, തുടങ്ങി ഇരുട്ടു പിടിച്ച നിലവറകളിൽ കാലം മറന്ന് പോയ അസംഖ്യം ചരിത്ര വസ്തുക്കളാണ് പവലിയനെ ആകർഷകമാക്കുന്നത്. പല വിധ അപൂർവ്വ ഔഷധച്ചെടികളും പവലിയന് മുന്നിൽ ഒരുക്കി വെച്ചിട്ടുണ്ട്. കടത്തനാട് ചന്ദ്രൻ ഗുരിക്കളുടെ ശിഷ്യനായ പുതുപ്പണം കെ.വി.മുഹമ്മദ് ഗുരിക്കളാണ് ഈ കളരി ചരിത്ര മ്യൂസിയം ഒരുക്കിയത്.