കാസർകോട്: ചട്ടഞ്ചാലിലെ പൊലീസ് അധീനതയിലുള്ള ഗ്രൗണ്ടിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 75 ഓളം 'തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് ഇന്നലെ ഉച്ചയോടെയാണ് തീപിടിച്ചത്.
മിനി ലോറികൾ, കാറുകൾ, ടിപ്പറുകൾ, ബൈക്കുകൾ തുടങ്ങിയ വാഹനങ്ങളാണ് കത്തിയത്.
ഉച്ചക്ക് നല്ല ചൂടായതിനാൽ പെട്ടെന്ന് തീ പടരുകയായിരുന്നു. പെട്രോൾ ടാങ്കുകൾ തീപിടിച്ചു പൊട്ടിത്തെറിക്കുന്നതിനാൽ തീ അണയ്ക്കാൻ ആർക്കും പോകാൻ കഴിഞ്ഞിരുന്നില്ല. ഫയർഫോഴ്‌സ് സ്ഥലത്തിയാണ് തീ അണച്ചത്. മേൽപറമ്പ് ഇൻസ്‌പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. തീപിടുത്തം സംബന്ധിച്ച് ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടുത്തം എങ്ങിനെയാണ് സംഭവിച്ചതെന്ന് അറിയുന്നതിന് അന്വേഷണം നടത്തുമെന്ന് സി.ഐ ഉത്തംദാസ് പറഞ്ഞു.
കാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൂഴി, മദ്യം, ചെങ്കല്ല് , സ്പിരിറ്റ്, കഞ്ചാവ്, മയക്കുമരുന്നുകൾ തുടങ്ങിയവ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിച്ചിരുന്നത് ചട്ടഞ്ചാലിലെ ഗ്രൗണ്ടിലായിരുന്നു.