sreekumar
ശ്രീകുമാർ പ്രഭാകരൻ

കണ്ണൂർ :കല്യാശ്ശേരി സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരനെ വ്യോമസേനയുടെ ഡൽഹി ആസ്ഥാനമായ പശ്ചിമ കമാൻഡ് മേധാവിയായി നിയോഗിച്ചു. നിലവിൽ തെലങ്കാനയിലെ ഡുണ്ടിഗൽ എയർഫോഴ്സ് അക്കാഡമി കമാൻഡറാണ്. മാർച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേൽക്കും.

1983ലാണ് സേനയിൽ പ്രവേശിച്ചത്. മിഗ് 21 വിമാനം ഉൾപ്പെടെയുള്ള വിവിധ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. ആകാശക്കാഴ്ചയൊരുക്കുന്ന വ്യോമസേനയുടെ സൂര്യകിരൺ എയ്രോബാറ്റിക് ടീമിനെ മൂന്നുവർഷം നയിച്ചു. ഇദ്ദേഹത്തിന് കീഴിൽ സൂര്യകിരൺ സംഘം ഒരു പിഴവുമില്ലാതെ 150 പൊതുചടങ്ങുകൾ പൂർത്തിയാക്കിയതിന് അംഗീകാരം ലഭിച്ചിരുന്നു.

സൗത്ത് വെസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസർ, വ്യോമസേനാ ആസ്ഥാനത്ത് ഇന്റലിജൻസ് ചുമതലയുള്ള എയർസ്റ്റാഫിന്റെ അസിസ്റ്റന്റ് ചീഫ്, ഫ്‌ളൈറ്റ് ഇൻസ്‌പെക്ഷൻ ആൻഡ് സേഫ്ടി ഡയറക്ടർ ജനറൽ, വെല്ലിംഗ്ടൺ ഡി.എസ്.എസ്.സിയിൽ സീനിയർ ഡയറക്ടിംഗ് സ്റ്റാഫ്, കെയ്രോ, ഈജിപ്ത് എന്നിവിടങ്ങളിൽ ഡിഫൻസ് അറ്റാഷെ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വായുസേനാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.