മട്ടന്നൂർ:രാജ്യത്ത് അധികാരത്തിന് വേണ്ടി മാത്രമുള്ള അപകടകരമായ രാഷ്ട്രീയമാണ് നിലനിൽക്കുന്നതെന്ന് മഹാത്മജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. സ്വാർത്ഥത വെടിഞ്ഞ് പരസ്പര സ്‌നേഹവും ബഹുമാനവും വളർത്തി കൊണ്ട് വരേണ്ടത് ആധുനിക കാലത്ത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സകൂളിൽ സ്ഥാപിച്ച ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ
അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം
അധികാരത്തിന് മാത്രമായുള്ള രാഷട്രീയം രാജ്യത്തെ കൂടുതൽ അപകടത്തിലാക്കും.. ഗാന്ധിജിയുടെ രാഷ്ട്രീയം സ്‌നേഹത്തിന്റെതായിരുന്നു. എന്നാൽ അദ്ദേഹത്തെ വധിച്ച ഗോഡ്‌സെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചത്. ഗുജറാത്തിൽ ഗോധ്ര പോലുള്ള സംഭവങ്ങളുണ്ടായത് ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.മനുഷ്യരിലുണ്ടാകുന്ന ക്ഷോഭം മോശമാണെന്ന് ഗാന്ധിജി എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ആ ക്ഷോഭത്തെ ക്രിയാത്മക ഊർജ്ജമായി പരിവർത്തനം ചെയ്യുകയാണ് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലൂടെ ചെയ്തതെന്നും തുഷാർ ഗാന്ധിപറഞ്ഞു.
കെ.കെ. ശൈലജ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു അദ്ധ്യക്ഷത വഹിച്ചു.മണിഭവൻ ഗാന്ധി മ്യൂസിയം സെക്രട്ടറി സജീവ് പി.രാജൻ ഗാന്ധിജി അനുസ്മരണം നടത്തി. വി.എൻ. സത്യേന്ദ്രനാഥ്, കെ.ടി ശിവദാസ്, ചന്ദ്രൻ തില്ലങ്കേരി, എം.കെ. ഇസ്മായിൽ ഹാജി,കെ.ജയൻ, ഇ.വി വിനോദ്കുമാർ, വി. എൻ മുഹമ്മദ്, കെ. അനിത, എം.പി പ്രീതി, എം. എം സുജാത, പവിത്രൻ മാവില എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എൻ.സി ശശിധരൻ സ്വാഗതവും പ്രധാനാദ്ധ്യാപിക കെ.കെ ലീന നന്ദിയും പറഞ്ഞു.