കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര ആരംഭിച്ചു.
ബഡ്ജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഇന്നലെ രാവിലെ 40 യാത്രക്കാരുമായി വിനോദയാത്ര നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഷാജി വർഗീസ്, കോ-ഓർഡിനേറ്റർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംസംഘം മാർച്ച് ആറിന് പുറപ്പെടും.
ഇന്നലെ തന്നെ കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കും കെ.എസ്.ആർ.ടി.സി യാത്രക്കാരെയും കൊണ്ടു വിനോദയാത്ര നടത്തി. ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോവുന്നത്. ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ടിക്കറ്റേതിര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീസണുകളിൽ സഞ്ചാര പ്രിയർക്കായി വിനോദയാത്രകൾ നടത്തിയത്.
മൂന്നാറിൽ എ.സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ തന്നെ വഹിക്കണം.