
കൊടക്കാട്: കൊടക്കാട് ഓലാട്ട് ഫോക്‌ലോർ ഗ്രാമത്തിനായി വർഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു. കൊടക്കാടിന്റെ സാംസ്ക്കാരികവും പൈതൃകവുമായ പെരുമ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് വിജയം കാണുന്നത്.
മൂന്ന് ഏക്കറോളം വരുന്ന റവന്യൂ ഭൂമി ഏറ്റെടുത്താണ് കൊടക്കാട് ഫോക്‌ലോർ വില്ലേജ് സ്ഥാപിക്കുന്നത്. തെയ്യം കലയുടെ കുലപതി മണക്കാടൻ ഗുരുക്കളുടെയും നർത്തക രത്നം കണ്ണപ്പെരുവണ്ണാന്റെ സ്മരണകൾ മുൻനിർത്തി ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെയ്യം സ്റ്റഡീസ് എന്ന പേരിൽ ഒരു സ്മാരകവും അതോടൊപ്പം ജില്ലയിലെ നാടൻ കലകളെ കുറിച്ച് പഠിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായുള്ള ഒരു കേന്ദ്രവും എന്ന നിലയിലാണ് കൊടക്കാട് ഫോക്ലോർ വില്ലേജില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേർ കാസര്‍കോട് എത്തുന്നുണ്ട്.
സെമിനാർ സംഘടിപ്പിച്ചു
ചെറുവത്തൂർ: കൊടക്കാട് ഫോക്‌ലോർ വില്ലേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫോക്‌ലോർ അക്കാഡമി സംഘടിപ്പിച്ച സെമിനാർ എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി .പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം മുൻസിപ്പൽ ചെയർപേഴ്സൺ ടി.വി. ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വത്സലൻ, വി.വി.സജീവൻ, പി.വി.മുഹമ്മദ് അസ്സം, ഗിരിജമോഹൻ എന്നിവർ സംസാരിച്ചു. കൊടക്കാട് ഫോക് ലോർ വില്ലേജ് പ്രതീക്ഷകൾ ,ആശയങ്ങൾ ,വിമർശനങ്ങൾ എന്ന വിഷയത്തിൽ സെമിനാറിൽ പത്മനാഭൻ കാവുമ്പായി മോഡറേറ്ററായി. പ്രോഗ്രാം ഓഫീസർ വി.വി. ലവ് ലിൻ, രാഘവൻ പയ്യനാട് ,സി .ബാലൻ, അംബികാസുതൻ മാങ്ങാട്, എം.എ.റഹ്മാൻ, എം.എസ്. നായർ, കെ.കെ. മാരാർ, ആർ.സി. കരിപ്പത്ത്, ഇ. ഉണ്ണികൃഷ്ണൻ, ഇ.പി. രജഗോപാലൻ, സി.എം വിനയചന്ദ്രൻ, രവീന്ദ്രൻ കൊക്കാട്, ജയചന്ദ്രൻ കുട്ടമത്ത്, സുരേഷ്ബാബു അഞ്ഞൂറ്റാൻ, കേളു പണിക്കർ, ശശി നേണിക്കം, എൻ.ശംഭു എന്നിവർ സംസാരിച്ചു. എ.വി.അജയകുമാർ സ്വാഗതവും എൻ.പ്രസീത കുമാരി നന്ദിയും പറഞ്ഞു.