kasuvandi

ശ്രീകണ്ഠാപുരം:മലയോര കർഷകർക്ക് കനത്ത തിരിച്ചടിയായി കശുഅണ്ടിയുടെ വില താഴ്ന്നു. സീസൺ തുടങ്ങിയിട്ടും കശു അണ്ടിക്ക് പ്രതീക്ഷിച്ച വിലകിട്ടാത്തതാണ് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പിന്നിട്ട രണ്ടുവർഷങ്ങൾക്കു ശേഷം ഇക്കുറിയെങ്കിലും നടുനിവർക്കാമെന്ന കർഷകരുടെ പ്രതീക്ഷയാണ് ഇക്കുറി കരിഞ്ഞുണങ്ങുന്നത്.
ഇക്കുറി ഉൽപാദനത്തിൽ നേരിട്ട ഗണ്യമായ കുറവ് കാരണം വിലകൂടുമെന്നായിരുന്നു കർഷകർ പ്രതീക്ഷിച്ചിരുന്നത്. കശു അണ്ടിക്ക് ഒരുകിലോഗ്രാമിന് 150 രൂപയെങ്കിലും വില കിട്ടുമെന്ന് പ്രതീഷ കർഷകർക്ക് ഈ സീസണിൽ പരമാവധി ലഭിച്ച വിലയാകട്ടെ വെറും113 രൂപ മാത്രമാണ്.സഹകരണ സംഘങ്ങൾ മുഖേന ശേഖരിക്കുന്ന സംരംഭകർ പരമാവധി 120 രൂപ വരെ നൽകിയെങ്കിലും ഇവർക്കും ഇത് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. അനുയോജ്യമല്ലാത്ത കാലാവസ്ഥയും, ഉൽപാദന കുറവും വിലയിടിവും മൂലം നട്ടം തിരിയുന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ തറവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം ഇക്കുറിയും പരിഗണിച്ചിട്ടില്ല.സർക്കാർ തറവില നിശ്ചയിച്ചാൽ കർഷകർക്ക് 150 രൂപ നൽകാൻ കഴിയുമെന്നും അതിന് കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും കർഷക സംഘടനകളും പറയുന്നു.
ഇടനിലക്കാർ നിശ്ചയിക്കുന്ന വില പൊതു മാർക്കറ്റിൽ പ്രതിഫലിക്കുന്നതാണ് റബ്ബർ ഉൾപ്പെടെയുള്ള കാർഷിക മേഖയുടെ വില തകർച്ചക്ക് കാരണമാകുന്നത്. ഇതേ സാഹചര്യമാണ് കശുഅണ്ടി മേഖലയിലും നിൽക്കുന്നത്.കൊല്ലത്തേക്കാണ് കണ്ണൂരിൽ നിന്നും പ്രധാനമായും കശുഅണ്ടി കയറ്റി അയക്കുന്നത്. സ്വകാര്യവ്യക്തികളാണ് ഈ വിപണിയെ നിയന്ത്രിക്കുന്നത്. നേരത്തെ സഹകരണമേഖലയിൽ കശു അണ്ടി സംഭരണം നടന്നിരുന്നുവെങ്കിലും സർക്കാർ സഹായമില്ലാത്തതിനാൽ ഇക്കുറി അവരും പിൻമാറിയിരിക്കുകയാണ്.ചെങ്കൽ ക്വാറികൾക്ക് നിലമൊരുക്കുന്നതിനായി കണ്ണൂർ ജില്ലയിലെ മലയോരത്തെ കശുഅണ്ടി തോട്ടങ്ങളിലെ വലിയൊരു വിഭാഗവും വെട്ടിവെളുപ്പിച്ചിട്ടുണ്ട്. ഇരിക്കൂർ, ശ്രീകണ്ഠാപുരം, പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ നേരത്തെയുള്ളതിനൊക്കാൾ പകുതിമാത്രമേ കശു അണ്ടി കൃഷിയുള്ളൂ. ഈ സാഹചര്യത്തിലാണ്‌വിപണിയിലെ വിലക്കുറവ് അവശേഷിച്ച കർഷകരെ കൂടി പിന്നോട്ടടിപ്പിക്കുന്നത്.

കശുഅണ്ടി കൃഷിക്കാരെ സഹായിക്കാൻ സർക്കാർ തറവില നിശ്ചയിച്ചു സംഭരണമേർപ്പെടുത്താൻ ഇനിയെങ്കിലും തയ്യാറാകണം. അല്ലെങ്കിൽ കർഷകർക്കും പാട്ടക്കാർക്കും കനത്ത തിരിച്ചടിയാകും

നാരായണൻ പെരുവാശേരി( കശു അണ്ടി കർഷകൻ ബ്ലാത്തൂർ)