മാഹി: സ്വന്തമായി വീടില്ല, ഒരു തുണ്ട് ഭൂമി സ്വന്തം നിലയിലില്ല. എന്നിട്ടും വാടകവീടിന്റെ മുറ്റത്തും മതിലിലും പൊതുവഴിയോരങ്ങളിലും പരിചയക്കാരുടെ പക്കലുള്ള തരിശ് ഭൂമികളിലുമെല്ലാം കോവുക്കൽ അനിൽകുമാർ എന്ന ചുമട്ടുതൊഴിലാളി പച്ചക്കറിയടക്കം പലവിധ വിളകൾ നട്ടുനനച്ച് കൊയ്തെടുക്കുമ്പോൾ ആരും അത്ഭുതം കൂറും.
അനിൽകുമാറിന് സ്വന്തമല്ലാത്ത പച്ചക്കറി വിളവുകൾ ഇല്ലെന്നു തന്നെ പറയാം. ജൈവകൃഷി അവലംബിക്കുന്ന ഇദ്ദേഹം തന്റെ വീട്ടിലേക്ക് മാത്രമല്ല. പരിചയക്കാർക്കെല്ലാം പച്ചക്കറികൾ നൽകുന്നു.കൃഷിയിൽ താൽപ്പര്യമുള്ളവർക്ക് വിത്തും വളവും തൈകളുമെല്ലാം സൗജന്യമായി നൽകുന്നുണ്ട്. വീടുകളിൽ ചെന്ന് കൃഷി ചെയ്യുന്ന വിധം പറഞ്ഞുകൊടുക്കുന്നുണ്ട്. അത്രയ്ക്ക് കൃഷിയറിവുകൾ ഈ ചെറുപ്പക്കാരന് ഹൃദിസ്ഥമാണ്.
'കൃഷിഭൂമി മയ്യഴി' എന്ന കാർഷിക സംഘടനയുടെ വൈസ് പ്രസിഡന്റായ അനിൽകുമാർ പ്രകൃതി സ്‌നേഹി കൂടിയാണ്.
ഒന്നര വർഷം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം മാഹി ഐ.കെ.കുമാരൻ മാസ്റ്റർ റോഡിൽ ഒരു കിലോമീറ്ററോളം നീളത്തിൽ റോഡിന്നിരുവശത്തും ചട്ടികളിൽ ചെടികൾ നട്ടിരുന്നു. ഈപ്പാൾ പൂത്തുലഞ്ഞ് നിൽക്കുന്ന ചെടികൾക്ക് നിത്യേന വെള്ളം നനച്ചു കൊടുക്കുന്നത് അനിൽകുമാറാണ്. ബീഡി തൊഴിലാളിയായ അനന്തന്റേയും രാധയുടേയും മകനായ ഈ യുവാവിന് കാർഷിക രംഗത്ത് തണലായി ഭാര്യ ഷൈലയും ഒപ്പമുണ്ട്.