കണ്ണൂർ: യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറുമെന്ന സാമൂഹ്യമാദ്ധ്യമങ്ങളിലെയും വാർത്താ മാദ്ധ്യമങ്ങളിലെയും ചർച്ചകളിൽ കണ്ണൂരിലെ മുസ്ലിംലീഗിൽ ആശങ്ക. സി.പി.എം അക്രമത്തിൽ നിരവധി പ്രവർത്തകർ ജില്ലയിൽ മുസ്‌ലിം ലീഗിന് നഷ്ടമായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ എന്ത് മറുപടി നല്കുമെന്ന ആശങ്ക സോഷ്യൽ മീഡിയയിൽ പാർട്ടി നേരിടുന്നു. യൂത്ത്‌ലീഗ്, എം.എസ്.എഫ് സംഘടനകൾ വൈകാരികമായി തന്നെയാണ് എതിർപ്പറിയിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കോൺഗ്രസുമായി ചേർന്നു യു.ഡി.എഫിലെ ഘടകകക്ഷിയെന്ന നിലയിൽ ഭരണ പങ്കാളിത്തമുള്ള മുസ്‌ലിം ലീഗിന് നിലവിലുള്ള സ്ഥാനങ്ങൾ പുതിയ നീക്കത്തിലൂടെ നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. കണ്ണൂർ കോർപ്പറേഷനിലുൾപ്പെടെ മുസ്‌ലിം ലീഗിനുള്ള ഭരണപങ്കാളിത്തം മറുകണ്ടം ചാടുകവഴി നഷ്ടമാകുമെന്നാണ് നേതൃത്വത്തിന്റെയും അണികളുടെയും വിലയിരുത്തൽ.

മാത്രമല്ല രണ്ടാം പാർട്ടിയെന്ന നിലയിൽ സി.പി.ഐയ്ക്കു മേധാവിത്വമുള്ള എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിനും താഴെയായിരിക്കും ലീഗിന്റെ സ്ഥാനമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. പാർട്ടിയിലും പോഷക സംഘടനകളിലും ചോർച്ചയുണ്ടാക്കുമെന്ന വാദവുമുണ്ട്.

ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം മുസ്‌ലിം ലീഗിനോട് തോളോടുതോൾ ചേർന്നു പ്രവർത്തിച്ചുവരികയാണെന്നും തുടർച്ചയായുള്ള അധികാര നഷ്ടം ഗൗരവമേറിയ വിഷയമാണെങ്കിലും യു.ഡി.എഫ് വിട്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമല്ല ഇതിനു പരിഹാരമെന്നും മുസ്‌ലിം ലീഗ് നേതാക്കളിലൊരാൾ പ്രതികരിച്ചു.