മയ്യിൽ: വഴിയോര കച്ചവടക്കാർക്കെതിരെ മയ്യിലിൽ വ്യാപാരികളുടെ പ്രതിഷേധം. മയ്യിൽ ടൗണിലും സമീപപ്രദേശങ്ങളിലും റോഡരികിൽ വഴിയോര കച്ചവടം നടത്തുന്നവരെ വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ നേതാക്കളും പ്രവർത്തകരും ഇന്നലെ സംയുക്തമായി തടഞ്ഞു. കൊവിഡ് പ്രതിസന്ധി ഒരു വിധം തരണംചെയ്ത തങ്ങളെ വഴിയോര വ്യാപാരം തകർത്തു കൊണ്ടിരിക്കുന്നതായാണ് ഇവരുടെ ആക്ഷേപം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കസേര, ബക്കറ്റ്, ട്രേകൾ, ടീപോയികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി പലവിധ സാധനങ്ങൾ വഴിയോരങ്ങളിൽ വിൽപന നടത്തുന്നവർ പഞ്ചായത്തുകൾക്ക് നികുതിയും തൊഴിൽ നികുതിയും വാടകയും വൈദ്യുതി ചാർജും, തൊഴിലാളികൾക്കു കൂലിയും നൽകി കച്ചവടം നടത്തുന്നവരെ തകർക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.
പലതവണ പരാതി നൽകിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വ്യാപാരികൾ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഇതിന്റെ ഭാഗമായി മയ്യിൽ ടൗണിൽ റോഡരികിൽ വാഹനങ്ങളിൽ കച്ചവടം നടത്തുന്നവർക്ക് വ്യാപാരികൾ താക്കീത് നൽകി. ഈരീതിയിൽ വ്യാപാരം തുടർന്നാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. പ്രതിഷേധത്തിന് വ്യാപാരി നേതാക്കളായ സി.പി ബാബു, ടി. വിനോദൻ, പി.കെ നാരായണൻ, മജീദ് കരകണ്ടം, മജീദ് കൊറളായി, ശ്രീജേഷ് ഇരിങ്ങ, സുധാകരൻ, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹോട്ടൽ, ജ്യൂസ് കടകൾ, ചായക്കടകൾ എന്നിവയ്ക്കു ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റുകളും പരിശോധനയും കർശനമാക്കുന്ന പഞ്ചായത്ത് അധികൃതർ വഴിയോരത്ത് യാതൊരു മാനദണ്ഡവുമില്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകളിൽ പരിശോധന പോലും നടത്താൻ തയ്യാറാകുന്നില്ല.
വ്യാപാരി നേതാക്കൾ