
കണ്ണൂർ: ഗവർണറെ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിന് വേണമെന്ന നിലപാടെടുക്കാൻ കേരള സർക്കാരിന് അവകാശമുണ്ടെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഗവർണർ പദവി വഹിക്കുന്ന താൻ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളകൗമുദി 111-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിലെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അക്കാഡമിക് തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. അഭിപ്രായം പറയാനുള്ള അവകാശം ഓരോരുത്തർക്കുമുള്ളതു പോലെ സംസ്ഥാനത്തിനും അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.