കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ബ്രാഞ്ച് തല കുടുംബസംഗമങ്ങൾക്ക് ഇന്ന് തുടക്കം. മാർച്ച് 10നകം 4452 കുടുംബസംഗമങ്ങളും പൂർത്തിയാക്കും. ഇന്ന് രാത്രി എട്ടു മണിക്ക് 'ചരിത്ര മതിൽ" പ്രൊഫ. ഇർഫാൻ ഹബീബ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും ഗൂഢാലോചനക്കേസുകളുമാണ് ആദ്യ എപ്പിസോഡിന്റെ ഉള്ളടക്കം.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക യൂടൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് 'ചരിത്രമതിൽ' ജനങ്ങളിലെത്തിക്കുന്നത്. നാലിന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് ചിത്രകാരന്മാരുടെയും ശില്പികളുടെയും ക്യാമ്പ് എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 10നകം എല്ലാ ഏരിയകളിലും 'ചിത്രവര' എന്ന പരിപാടി സംഘടിപ്പിക്കും. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടത്തിയ ജനകീയ ഫണ്ട് ശേഖരണത്തിൽ വിവിധ രാഷ്ട്രീയാഭിമുഖ്യമുള്ളവരും സഹകരിച്ചതായി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.