കണ്ണൂർ: തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സർക്കാറിന്റെ മുമ്പിലുള്ളതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും എന്നതായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യം.

കെ ഡിസ്‌ക്, തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ വഴി അതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. എല്ലാവർക്കും സന്തോഷവും ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യാനുള്ള ഇടമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ പ്ലാനിംഗ് എം.കെ സൈബുന്നീസ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ഇ. രാജേന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ കെ.ജി വത്സകുമാരി, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻമാരായ പി. മുകുന്ദൻ, ടി. അനിൽ, പി.എ.സി.എസ്, സംസ്ഥാന സെക്രട്ടറി പി.പി ദാമോദരൻ, ജില്ലാ സെക്രട്ടറി എൻ. ശ്രീധരൻ, ജോയിന്റ് രജിസ്ട്രാർ വി. രാമകൃഷ്ണൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഷഹിമ മങ്ങയിൽ എന്നിവർ പങ്കെടുത്തു.