നീലേശ്വരം: നീലേശ്വരത്ത് അഗ്നിശമന സേന കേന്ദ്രത്തിനായുള്ള മുറവിളിയേറുന്നു. നീലേശ്വരത്തും പരിസരപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും തീപിടിത്തം വർദ്ധിച്ചതോടെയാണ് ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. കഴിഞ്ഞ വർഷം നഗരസഭ ഭരണസമിതി നീലേശ്വരത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാറിന് അയച്ചിരുന്നു. ഭരണസമിതി സർക്കാറിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഒരു നടപടിയും ആകുന്നില്ല.

ചൂട് വർദ്ധിച്ചതോടെ നീലേശ്വരത്തും പരിസരങ്ങളിലും അടിക്കടി തീപ്പിടിത്തമുണ്ടാവുകയാണ്. കഴിഞ്ഞ ദിവസം നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് തീപടർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ മാസം പുത്തരിയടുക്കം സബ് സ്റ്റേഷന് സമീപവും വൻ തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപിടിത്തമുണ്ടായത്. സമീപത്തെ വൈദ്യുതി കമ്പിയിൽ നിന്നു തീപ്പൊരി ചിതറി വീണാണു തീപിടിച്ചത്.

തീ പിടിച്ച പാറപ്പുല്ലിലേക്ക് കാറ്റു വീശിയതോടെ തീ പടർന്നു. നാട്ടുകാർ അടിയന്തര ഇടപെടൽ നടത്തിയതുകൊണ്ടു മാത്രം തൊട്ടടുത്ത വീട്ടിലേക്കു തീ പടരുന്നത് തടയാൻ കഴിഞ്ഞു.

കിലോമീറ്ററുകൾ താണ്ടി എത്തണം

നീലേശ്വരത്തും പരിസരങ്ങളിലും തീപിടിത്തമുണ്ടായാൽ പത്ത് കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് നിന്നോ, 15 കിലോമീറ്റർ അപ്പുറമുള്ള തൃക്കരിപ്പൂരിൽ നിന്നോ അഗ്നിശമനസേന സ്ഥലത്ത് എത്തണം. അപ്പോഴേക്കും എല്ലാം കത്തിത്തീരുമെന്ന ആക്ഷേപമുണ്ട്. നീലേശ്വരത്ത് അഗ്നി ശമന സേന നിലയം ആരംഭിക്കുന്നതിന് മന്ത്രാലയം ചിറപ്പുറത്ത് സ്ഥല പരിശോധന നടത്തിയിരുന്നെങ്കിലും ഒരു നടപടിയും ആയിട്ടില്ല.

സൗകര്യം നഗരസഭ ഒരുക്കും

അഗ്നിശമന സേന നിലയമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാകും നീലേശ്വരം. ഫയർ ഫോഴ്സ് സ്റ്റേഷൻ ആരംഭിക്കുകയാണെങ്കിൽ എല്ലാ സൗകര്യവും ചെയ്ത് നൽകാൻ തയ്യാറാണെന്ന് നീലേശ്വരം നഗരസഭ അധികൃതർ അറിയിച്ചു. നീലേശ്വരത്ത് ഫയർസ്റ്റേഷൻ അനുവദിക്കുകയാണെങ്കിൽ പാലായി റഗുലേറ്റർ കം ബ്രിഡ്ജിൽ കൂടി എളുപ്പത്തിൽ എത്താനും കഴിയും. കിനാനൂർ കരിന്തളം പഞ്ചായത്തിലേക്കും ഫയർഫോഴ്സിന് എളുപ്പത്തിൽ എത്താം.