പഴയങ്ങാടി: ജൈവവൈവിധ്യങ്ങൾ നിറഞ്ഞ മാടായിപ്പാറയിൽ വീണ്ടും വൻ തീപിടുത്തം ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തിച്ചാമ്പലായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മാടായി കോളേജ് സമീപ പ്രദേശത്താണ് തീപടർന്നു പിടിച്ചത്.
മാടായിപ്പാറയിൽ കണ്ടു വരുന്ന അപൂർവ്വ ഇനം സസ്യങ്ങളും ജന്തു വൈവിദ്ധ്യങ്ങളും നിമിഷനേരം കൊണ്ട് കത്തിയമർന്നു . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും അഗ്നിശമനസേനയെത്തി എത്തി ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. വേനൽ കടുത്തതോടെ മാടായിപ്പാറയിൽ തീപിടുത്തം പതിവാണ്. പഴയങ്ങാടിയിൽ അഗ്നിശമനസേനാ കേന്ദ്രം വേണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സാമൂഹികവിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.