പാനൂർ: നഗരസഭ പരിധിയിലെ കോറുക്കഞ്ചകണ്ടി-കോച്ചേരി റോഡിന് മൻസൂർ റോഡ് എന്നും 40ാം വാർഡിലെ മലബാർ ക്ലിനിക് റോഡിൽ ഒരു ഭാഗത്ത് ഗാന്ധിനഗർ എന്നും പേരു നൽകാൻ നഗരസഭാ യോഗം തീരുമാനിച്ചു. മൻസൂർ റോഡ് നാമകരണത്തിന്റെ കാര്യത്തിൽ
എൽ.ഡി.എഫിലെ 14 അംഗങ്ങളും ബി.ജെ.പിയിലെ മൂന്നുപേരും വിയോജിപ്പ് രേഖപ്പെടുത്തി. ചെയർമാൻ വി. നാസർ അദ്ധ്യക്ഷത വഹിച്ചു.
രണ്ടു റോഡുകൾക്ക് പേരു നൽകാൻ കൗൺസിലർമാർ ഉന്നയിച്ച ആവശ്യം നഗരസഭയിൽ യു.ഡി.എഫ് -എൽ.ഡി.എഫ്. അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിനിടയാക്കുകയായിരുന്നു.
കൗൺസിലർമാരായ കെ. സീനത്തും നസീല കണ്ടിയിലും ആണ് ആവശ്യം ഉന്നയിച്ചത്. വിഷയം രാഷ്ട്രീയത്തിനതീതമായി കാണണമെന്നും കായിക രംഗത്തടക്കം പൊതു രംഗത്ത് പ്രവർത്തിച്ച ചെറുപ്പക്കാരനായിരുന്നു മൻസൂർ എന്നും കെ. സീനത്തും എം.പി.കെ.അയൂബും പറഞ്ഞു. മൻസൂരിന്റേത് രാഷ്ട്രീയ കൊലപാതകമായിരുന്നുവെന്നും ഇത്തരം ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കെ.കെ. സുധീർ കുമാർ പറഞ്ഞു. പി.ആർ. കുറുപ്പ്, കെ.എം.സൂപ്പി, കെ പാനൂർ തുടങ്ങിയ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കൊന്നും പാനൂരിൽ ഇത്തരത്തിലുള്ള സ്മാരകങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ്രവ മാലിന്യശുദ്ധീകരണശാല സ്ഥാപിക്കാൻ ആവശ്യമായ ഒന്നര ഏക്കർ സ്ഥലം ജനകീയ സഹകരണത്തോടെ കണ്ടെത്താൻ ശ്രമിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഉപാദ്ധ്യക്ഷ പ്രീത അശോക്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി. ഹാഷിം, അശീഖ ജുംന, ഉമൈസ തിരുവമ്പാടി, ടി.കെ. ഹനീഫ്, കൗൺസിലർമാരായ എം. ശ്രീജ, ബിന്ദു മോനാറത്ത്, എം. ദാസൻ, കെ.പി. സുഖില, ആവോലം ബഷീർ, കെ.കെ. മിനി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.