വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ്ഹോം വീണ്ടും ചർച്ചയാവുകയാണ്. ഇവിടെയുള്ള പെൺകുട്ടികൾ പലകാരണങ്ങളാൽ പലകാലങ്ങളിൽ മതിൽകെട്ടുകൾ പോലുമറിയാതെ ഓടിപ്പോയിട്ടുണ്ട്. എന്നാൽ അൽപ്പായുസ് മാത്രമെ ആ ഒളിച്ചോട്ടങ്ങളുടെ നിറം പിടിച്ച കഥകൾക്ക് ഉണ്ടായിരുന്നുള്ളൂ. ദുരൂഹതകൾ അധികമൊന്നും ചികയാനില്ലാതെ, ഓടിപ്പോയവർ തിരികെയെത്തുന്നതോടെ തീയും പുകയും തീരും. പക്ഷെ, കഴിഞ്ഞ ദിവസം ആറു കുട്ടികൾ സംഘമായി ഓടിപ്പോയതും സിനിമാക്കഥ പോലെ തിരിച്ചെത്തിയതും കുറെയേറെ ആശങ്കകൾ ഉയർത്തുന്നു. ഒപ്പം ഉത്തരം കിട്ടേണ്ട കുറെ ചോദ്യങ്ങളും. കേരളകൗമുദി ലേഖിക അബിന ജയേന്ദ്രൻ തയ്യാറാക്കിയ പരമ്പര ഇന്നുമുതൽ.
കോഴിക്കോട്: 'ഞങ്ങൾക്ക് ഇവിടെ കഴിയാൻ വയ്യ സർ'.. വെള്ളിമാടുകുന്ന് ചിൽഡ്രൻസ്ഹോമിൽ നിന്ന് ഓടിപ്പോയ പെൺകുട്ടികൾ തിരികെയെത്തിയപ്പോൾ പൊലീസിനോട് ആവർത്തിച്ച കാര്യം ഇതായിരുന്നു. യഥാർത്ഥത്തിൽ മതിൽക്കെട്ടുകൾ നൽകിയ ബന്ധനത്തിന്റ നോവാണോ കൗമാരത്തിന്റെ നിറമുള്ള ലോകത്തേക്ക് കാലുകുത്തിയ പെൺകുട്ടികളെ അലട്ടിയത് ?
ജനുവരി 27ന് ആറു പെൺകുട്ടികൾ ചാടിപ്പോയ സംഭവം ചർച്ചയാകുമ്പോൾ എന്തുകൊണ്ട് ഒളിച്ചോട്ടം ആവർത്തിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. പത്ത് കൊല്ലത്തിനിടെ നൂറിലധികം കുട്ടികളാണ് ഇവിടെ നിന്നും ഓടിപോയത്.
വെള്ളിമാട്കുന്നിലെ സാമൂഹിക നീതി വളപ്പിലാണ് പെൺകുട്ടികൾക്കുള്ള ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നത്. കുട്ടികൾ കൂട്ടമായി ഒളിച്ചോടിയപ്പോൾ ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്ന കുട്ടികളായതിനാൽ അധികദൂരം പോകില്ലെന്നായിരുന്നു അധികൃതർ കരുതിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കകം അമ്പരിപ്പിക്കുന്ന വിവരങ്ങളാണ്പൊലീസ് നൽകിയത്. കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ ബംഗളൂരുവിൽ മടിവാള വരെ പെൺകുട്ടികൾ എത്തി !. പിന്നീടെല്ലാം സിനിമാക്കഥപോലെയായിരുന്നു. അന്വേഷണത്തിന്റെ ഗതിവേഗം കൂട്ടിയ പൊലീസിന് രണ്ട് കുട്ടികളെ കർണ്ണാടകയിൽ നിന്നും 4 പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്താൻ കഴിഞ്ഞത്.ചിൽഡ്രൻസ് ഹോമിൽ എത്തിച്ചിട്ടും കഥ തീർന്നില്ല. കൂട്ടത്തിലൊരാൾ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓടിപ്പോയ നാല് പേർക്ക് 14 വയസ് മാത്രം.ഒരാൾക്ക് 17, വേറൊരാൾക്ക് 16.
ചിൽഡ‌്രൻസ് ഹോമിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റമാണ് ഓടിപ്പോകാൻ കാരണമെന്നാണ് പെൺകുട്ടികളുടെ മൊഴി. ഇനി ചിൽഡ്രൻസ് ഹോമിൽ കഴിയാൻ താത്പര്യമില്ലെന്ന് പെൺകുട്ടികൾ തറപ്പിച്ചു പറയുന്നു. കേൾക്കുമ്പോൾ സ്വാഭാവികമായി ഒരു സംശയമുണ്ടാകാം അത്രയും മോശം അവസ്ഥയിലാണോ ചിൽഡ്രൻസ് ഹോം?
ചിൽഡ്രൻസ് ഹോമിന്റെ തകർന്നുകിടക്കുന്ന ചുറ്റുമതിൽ അതിനുള്ള ഒരു ഉത്തരമാണ്. മതിൽ പുതുക്കിപ്പണിയണമെന്ന് സി.ഡബ്ല്യൂ.സി നിർദേശിച്ചിട്ടും അധികൃതർ ഗൗനിച്ചിരുന്നില്ല. തകർന്ന ചുറ്റുമതിലിലൂടെ ആർക്കും എപ്പോൾ വേണമെങ്കിലും ഉള്ളിലെത്താം, പുറത്ത് പോകാം. പെൺകുട്ടികൾ താമസിക്കുന്നിടത്ത് ഒരു സി.സി.ടി.വിയെങ്കിലും സ്ഥാപിച്ചിരുന്നെങ്കിൽ പുറത്തുപോകാത്തവർ സുരക്ഷിതരായേനെ. അന്തേവാസികളെ പല തവണ കാണാതായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന ആക്ഷേപമാണ് ശിശുക്ഷേമ സമിതിയും ഉയർത്തുന്നത്.