കുന്ദമംഗലം: മത്സ്യമാർക്കറ്റിന്റെ ഒന്നാംനില ഉപയോഗശൂന്യമായിട്ട് 22 വർഷം പിന്നിടുമ്പോഴും ആധുനിക രീതിയിൽ നവീകരിക്കുവാനുള്ള നടപടികളൊന്നുമില്ല.
കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷനിലെ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റ് 2000 ത്തിൽ ഉദ്ഘാടനംചെയ്തപ്പോൾ
താഴത്തെ നില മത്സ്യവിൽപ്പനക്കും ഒന്നാം നില മാംസ വിൽപ്പനക്കുമായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ മേൽക്കൂര അധികം ഉയരമില്ലാത്തതിനാലും ഷീറ്റിട്ടതായതിനാലും ചൂട് കൂടുതലായിരിക്കുമെന്നും അത്തരം സാഹചര്യത്തിൽ ഇറച്ചിവിൽപ്പന നടത്തുവാൻ കഴിയില്ലെന്നും മാത്രമല്ല മുകൾനിലയിലേക്ക് സ്റ്റെപ്പുകൾ കയറ്റി ആടുമാടുകളെ എത്തിക്കുവാൻ കഴിയില്ലെന്നും പറഞ്ഞ് മാംസവിൽപ്പനക്കാർ ആദ്യമേ സ്ഥലം ഉപയോഗിക്കുന്നതിൽ ൽ നിന്ന് വിട്ട് നിന്നു. മാംസവിൽപ്പനക്കാർ സൗകര്യ സ്ഥലം തേടിപ്പോയതെടെ ഒന്നാംനില അനാഥമാവുകയും ചെയ്തു.
എന്നാൽ മിക്ക സ്ഥലങ്ങളിലും മത്സ്യ മാംസ മാർക്കറ്റുകൾ ഒരു മേൽക്കൂരക്കു കീഴിലാണ് പ്രവർത്തിക്കാറുള്ളത്. മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ തറനിലയുടെ അതേ വലിപ്പമുള്ളതാണ് വർഷങ്ങളായി അനാഥമായും അലങ്കോലമായും കിടക്കുന്ന ഒന്നാംനില. കുന്ദമംഗലം അങ്ങാടിയിൽ ഏറ്റവും തിരക്കുള്ള ഭാഗമായ മുക്കം റോഡിൽ സ്ഥിതി ചെയ്യുന്ന മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം ആധുനിക രീതിയിൽ നവീകരിക്കുവാനുള്ള പദ്ധതികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 22വർഷങ്ങളായി മത്സ്യ മാർക്കറ്റ് മാത്രമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
1.ഖാലിദ്കിളിമുണ്ട:-(മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) പൊതുമുതൽ നശിപ്പിക്കലിനിന്റെ ഭാഗമാണിത്.കുന്ദമംഗലത്തിന്റെ കണ്ണായ സ്ഥലത്ത് ഇത്രയും വലിയ സ്ഥലം വെറുതെ കിടക്കുന്നത് വലിയ നഷ്ടം തന്നെയാണ്. ഇത് നല്ലപോലെ ഉപയോഗപ്പെടുത്താനുള്ള സംവിധാനം പുതിയ ഭരണസമിതി എറ്റെടുക്കണം.
2.കോയകുന്ദമംഗലം:- (മാദ്ധ്യമപ്രവർത്തകൻ) ശാസ്ത്രീയമായ അറവുശാലയും ആരോഗ്യകരമായ പരിസരവുമുള്ള മത്സ്യ മാംസ മാർക്കറ്റാണ് വേണ്ടത്. ഇപ്പോഴുള്ളസ്ഥലത്തു അത് സ്ഥാപിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഗ്രാമ സഭകളിലും വികസനസെമിനാറുകളിലും ഇതു സംബന്ധിച്ചു നിർദ്ദേശങ്ങൾ വരാറുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടാറില്ല.
3.ഷൗക്കത്തലി:-(പൊതുപ്രവർത്തകൻ) കേരളത്തിലെ വലിയ പട്ടണങ്ങളിലേത്പോലുള്ള കെട്ടിട വാടക ഈടാക്കുന്ന കുന്ദമംഗലത്താണ് ഇങ്ങനെ ഒരു പഞ്ചായത്ത്കെട്ടിടം വെറുതെ കിടക്കുന്നത് എന്നത് വിരോധാഭാസമാണ്. ജനങ്ങൾക്ക് ഉപകാരപ്രദവും സൗകര്യപ്രദവുമാകുന്ന രീതിയിൽ മാംസ വിൽപ്പനയും ഈ കെട്ടിടത്തിലേക്ക് കൊണ്ടുവരണം.