chidrenshome
വെള്ളിമാടുകുന്നിലെ പെൺകുട്ടികളുടെ ചിൽഡ്രൻസ്ഹോമിന്റെ ജനൽചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിൽ. ചുമരിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നതും കാണാം

പല സാഹചര്യങ്ങളിൽ അഭയം തേടിയെത്തിയവരാണ് ചിൽഡ്രൻസ്ഹോമിലെ പെൺകുട്ടികൾ. എന്നാൽ രക്ഷ കിട്ടേണ്ടയിടത്ത് ശിക്ഷയാണെങ്കിലോ ?, കുട്ടികളെ പറഞ്ഞിട്ടെന്തുകാര്യം. വീട്ടിലെ അരക്ഷിതാവസ്ഥയും കൗമാരചാപല്യവും ചിൽഡ്രൻസ് ഹോമിലേക്ക് വഴി തുറക്കുമ്പോൾ സംഘർഷത്താൽ മനസ് പിടയുന്ന കുട്ടികൾക്ക് പലപ്പോഴും കിട്ടിയത് സാന്ത്വനമായിരുന്നില്ല, ശകാരമായിരുന്നു. പ്രായപൂർത്തിയാകാതെ കാമുകനോടൊപ്പം ഒളിച്ചോടിയതിന് 'ശിക്ഷ'യായി ചിൽഡ്രൻഹോമിലെത്തിയവരുണ്ട്. എന്നാൽ ഇവരെ ശരി പഠിപ്പിക്കാൻ ഇവിടെ ആരുമില്ല, പകരം മോശക്കാരിയെന്ന് ചാപ്പകുത്താനുള്ള മത്സരവും. സീനിയേഴ്സിന്റെ മോശം പെരുമാറ്റവും പുതുതായി എത്തുന്ന കുട്ടികളെ മാനസികമായി തളർത്തുകയാണ്. ക്രൂരമായ റാഗിംഗാണ് പല കുട്ടികൾക്കും അനുഭവിക്കേണ്ടി വരുന്നത്. പരാതിപെട്ടാലും ജീവനക്കാർ കേട്ടില്ലെന്ന് നടിക്കുകയാണ്. സമീപത്തെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിലെ കുട്ടികളുമായി ഇവിടുത്തെ പല സീനിയർ പെൺകുട്ടികൾക്കും ആവശ്യത്തിൽ കൂടുതൽ സൗഹൃദമുണ്ട്. ആരോടെങ്കിലും പറഞ്ഞാൽ പീഡനം പലവഴിക്കാണ്. ജീവനക്കാരോട് പരാതിപ്പെട്ടാൽ വാദി പ്രതിയാകും. ചുരുക്കത്തിൽ ഇവിടെയെത്തുന്ന കുട്ടികൾ എത്തിയതിനേക്കാൾ മോശമായ അവസ്ഥയിലായിക്കും തിരിച്ചുപോവുക. ഒരു ക്രിമിനൽ മനസ് പാകപ്പെട്ടിരിക്കും. ജീവനക്കാരുടെയും സഹവാസികളുടെയും പീഡനം കാരണം എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നുവെന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.

37 കുട്ടികളാണ് ഇവിടെയുള്ളത്. കൗമാരത്തിലേയ്ക്ക് കാലെടുത്തുവക്കുന്നവർ. എങ്ങോട്ടു വേണമെങ്കിലും വഴി തിരിയാം. കേവലം അടച്ചുപൂട്ടിയ ഒരു കെട്ടിടത്തിനുള്ളിൽ അസൗകര്യങ്ങളിൽ കഴിയേണ്ടവരല്ല അവർ. പഠന സൗകര്യവും ഭക്ഷണവും മാത്രമല്ല ഇവർക്ക് വേണ്ടത്. നല്ല ചുറ്റുപാടുകളും നല്ല സൗഹ‌ൃദങ്ങളുമാണ്. കെട്ടിടത്തിന് മുന്നിൽ കളിസ്ഥലമുണ്ടെങ്കിലും ഒരു കാര്യവുമില്ല. സന്തോഷിക്കാൻ ഒന്നും ഇവിടെയില്ലെന്ന ബോദ്ധ്യത്തിൽ ഓടി പോകാൻ മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികൾ ചിന്തിക്കൂ. സോഷ്യൽ മീഡിയയുടെ വിശാല ലോകം ഇവർക്കുമുന്നിൽ തുറന്നിട്ടിരിക്കുകയല്ലേ.