canoli
കനോലി കനാലിൽ കൈപ്പുറം പാലത്തിനടുത്ത് വല വീശുന്ന മത്സ്യത്തൊഴിലാളി

കോഴിക്കോട്: പദ്ധതികൾ പലതു വരുമ്പോഴും നഗരത്തിൽ കനോലി കനാലിന് പ്രത്യേകിച്ചൊന്നും സംഭവിക്കാറില്ല. കോഴിക്കോടിന്റെ കണ്ണീർപൊട്ടെന്നാണ് പാതി കളിയായും അതിലേറെ കാര്യമായും ഈ കനാലിനുള്ള വിശേഷണം. നഗരത്തിലെ ഓടകളിലേതെന്ന പോലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയുമൊക്കെ മലിനജലം വന്നടിഞ്ഞ് കറുത്തൊഴുകുന്ന കനാൽ. മൂക്കു പൊത്താതെ പരിസരത്തുകൂടി വഴി നടക്കാൻ പോലും പറ്റില്ല. എന്നാൽ, ഇതിനു തീർത്തും അപവാദമാണ് കുണ്ടുപറമ്പ് മുതൽ എരഞ്ഞിക്കൽ വരെ നീളുന്ന കനാൽ. ഇവിടെ മത്സ്യബന്ധനവും കക്കവാരലുമൊക്കെയായി ജീവിക്കുന്നത് ഒട്ടനവധി ആളുകളാണ്.

മത്സ്യസമ്പത്ത് ഇടക്കാലത്ത് തെല്ലു കുറഞ്ഞെങ്കിലും രാപ്പകലന്യേ വല വീശിയും ചൂണ്ടയിട്ടുമുള്ള മീൻപിടിത്തം ഇവിടെ പതിവുകാഴ്ചയാണ്. നഗരത്തിൽ നിന്നും ആറു കിലോമീറ്റർ മാത്രം അകലെയായി കനാലിനു കുറുകെയുള്ള കൈപ്പുറത്തു പാലവും പരിസരവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവുമായി മാറിക്കഴിഞ്ഞു. സിനിമകൾക്കു പിന്നാലെ സീരിയലുകാരും കൂടി കടന്നെത്തിയതോടെ ആൽബം ഷൂട്ടിന്റെ സ്ഥിരം താവളവുമായിട്ടുണ്ട് ഇവിടം.
പണ്ടു കാലത്ത് കല്ലായി മുതൽ പുറക്കാട്ടിരി പുഴയിലേക്ക് ചേരുന്ന എരഞ്ഞിക്കൽ വരെ കനോലിക്കനാൽ മത്സ്യബന്ധനത്തിന്റെ പറുദീസയായിരുന്നു. നൂറു കണക്കിനാളുകളാണ് മീൻപിടിച്ച് ഇവിടെ ഉപജീവനം തേടിയത്. അക്കാലത്ത് ഇന്നത്തെപ്പോലെ കനാലിന്റെ ഓരങ്ങളിൽ ആശുപത്രികളോ ഹോട്ടലുകളോ വ്യവസായ സഥാപനങ്ങളോ ഒന്നുമില്ല. പിന്നെപ്പിന്നെ നഗരമാലിന്യ നിക്ഷേപകേന്ദ്രമായി കനോലി കനാൽ മാറുകയായിരുന്നു. കുണ്ടൂപറമ്പ് മുതൽ കല്ലായി വരെ നീളുന്ന കനാൽ ഭാഗങ്ങളിൽ ഇപ്പോൾ ആരും മീൻപിടിക്കാറില്ല. ഇനി അഥവാ അവിടുന്ന് മീൻ കിട്ടിയാൽ തന്നെ വാങ്ങാൻ ആളെക്കിട്ടുകയുമില്ല.

പക്ഷേ, കുണ്ടുപറമ്പ് ഭാഗം മുതൽ എരഞ്ഞിക്കൽ വരെ കനാൽ ഇപ്പോഴും സമൃദ്ധമായി ഒഴുകുകയാണ്. പുറക്കാട്ടിരി പുഴയിലൂടെ കടലിൽ നിന്നുള്ള ഉപ്പുവെള്ളം ഈ ഭാഗങ്ങളിലക്ക് ഒഴുകി വരാറുണ്ട്. വേലിയേറ്റ - വേലിയിറക്കത്തിൽ കനാൽ പൊതുവെ വൃത്തിയായിതന്നെയുണ്ടാവും. പുഴമത്സ്യങ്ങൾക്കു പുറമെ മിക്കപ്പോഴും കടൽമത്സ്യങ്ങളും സമൃദ്ധം. അതുകൊണ്ടു തന്നെ മീൻ പിടിക്കാനെത്തുന്നവർക്ക് ഒരിക്കലും വെറുംകൈയോടെ മടങ്ങേണ്ടി വരാറില്ല. എരഞ്ഞിക്കൽ ഭാഗത്താണെങ്കിൽ കക്ക വാരി ഉപജീവനം ഒപ്പിക്കുന്നവരുമുണ്ട് ഏറെ.

കനാലിലെ ചെളി നീക്കി ഒഴുക്ക് സുഗമമാക്കിയാൽ മത്സ്യസമ്പത്ത് ഇനിയും കൂടുമെന്ന് മത്സ്യത്തൊഴിലാളികൾ. പറയുന്നു. കനാലിലും പുഴയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് തടയുകയും വേണം. ചില ഭാഗങ്ങളിൽ വലിയ തോതിൽ ചെളി അടിഞ്ഞത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകിടം മറിച്ചിട്ടുണ്ട്. ഒഴുക്ക് നിലച്ചതോടെ കടലിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ വരവും കുറഞ്ഞു.

എരഞ്ഞിക്കൽ മുതൽ കുണ്ടൂപ്പറമ്പ് വരെ വേലിയേറ്റവും വേലിയിറക്കവും പതിവാണ്. ഉപ്പുവെള്ളത്തിൽ ജീവിക്കുന്നവയാണ് ഇവിടുത്തെ മത്സ്യങ്ങൾ. ഫിഷറീസ് അധികൃതർ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ടെങ്കിലും അതൊന്നും വളരാത്ത സാഹചര്യമാണ്.

''പുറക്കാട്ടിരി പുഴയിൽ നിന്നു വെള്ളം കയറുന്ന ഭാഗത്ത് മണ്ണിടിഞ്ഞ് ഒഴുക്ക് നിലച്ചിട്ട് കാലം കുറേയായി. അത് ഇനിയെങ്കിലും നീക്കിക്കിട്ടണം.

മത്സ്യത്തൊഴിലാളികൾ