കൊയിലാണ്ടി :ഗതാഗത കുരുക്ക് പരിഹരിക്കാൻ ഉപയോഗിച്ച മണൽ ചാക്ക് കച്ചവടക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും വിനയാകുന്നു. ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൊയിലാണ്ടി ടൗണിൽ കഴിഞ്ഞ നവംബറിലാണ് ദേശീയ പാത എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മണൽ നിറച്ച ചാക്ക് റോഡിന് വശത്തായി വിരിച്ചത്. എന്നാൽ വാഹനങ്ങൾ തട്ടി മണൽച്ചാക്ക് പൊട്ടിയതോടെ മണൽക്കാറ്റേറ്റ് കച്ചവടക്കാർക്കും ഓട്ടോഡ്രെെവർമാർക്കും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്.
സ്പോർട്ട്സ് കൗൺസിൽ കവാടം മുതൽ ആർ.ഒ.ബി. ജംഗ്ഷൻ വരെയും താമരശ്ശേരി റോഡിൽ 20 മീറ്റർ ഭാഗം, ടൗണിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് മണൽ ചാക്ക് നിറച്ച് രണ്ടായി പകുത്ത് ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഇതിൽ സ്പോർട്സ് കൗൺസിൽ കവാടം മുതൽ ആർ.ഒ.ബി ജംഗ്ഷൻ വരെയാണ് മണൽ ചാക്ക് നിരത്തിയത്. അതോടെ നാലും അഞ്ചും നിരയായി വാഗനങ്ങൾ പോകുന്നത് തടയാൻ കഴിഞ്ഞിരുന്നു. എന്നാൽ രാത്രിയിൽ വാഹനങ്ങൾ തട്ടി മണൽ ചാക്ക് കീറുകയും റോഡിൽ മണൽ നിറയുകയും ചെയ്തതോടെ കാറ്റിലും വാഹനങ്ങൾ പോകുമ്പോഴും ടൗണിൽ മണൽക്കാറ്റ് നിറയും. ഇത് സമീപത്തുള്ള കച്ചവടക്കാർ, കോടതി, ആശുപത്രി എന്നിവിടങ്ങളിലുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. മണൽക്കാറ്റേറ്റ് റോഡിൽ നിൽക്കാൻ സാധിക്കുന്നില്ലന്നാണ് ഓട്ടോഡ്രെെവർമാരടക്കം പറയുന്നത്.
'' അടുത്ത ഞായറാഴ്ച മണൽ ചാക്ക് എടുത്ത് മാറ്റി പകരം കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കും. തൊഴിലാളികളെ കിട്ടാത്തതാണ് അല്പം വൈകിയത്. ജാഫർ - ദേശീയപാത എ ഇ .